‘സാറേ ഇ ബുള്‍ജെറ്റിനെ പോലീസ് പിടിച്ചു;എന്തുവാ ഇ ബജറ്റോ?’ മുകേഷ് എംഎല്‍എയുടെ പ്രതികരണം വൈറല്‍

രാജി ഇ ആർ -

ഇ ബുള്‍ ജെറ്റ് വിഷയത്തില്‍ പരാതി പറയാന്‍ വിളിച്ച യുവാവിനോട് മുകേഷ് എംഎല്‍എ പറയുന്ന മറുപടി വൈറല്‍. സംഭവത്തില്‍ ഇടപെടാന്‍ പറ്റുമോ എന്ന് ഫോണില്‍ ചോദിക്കുന്ന യുവാവിനോട് മുകേഷ് ‘എന്താണ് ഇ-ബജറ്റോ? എന്താ സംഭവം..’ എന്ന ചോദിക്കുന്ന മറുപടിയാണ് വൈറലായി കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ഈ പ്രസക്ത ഭാഗം വരുന്നത്.

മോട്ടോര്‍വാഹന നിയമം ലംഘിച്ച് വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് തുടര്‍ന്ന് വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് വാഹനം വിട്ടുകിട്ടണമെന്ന് പറഞ്ഞു കൊണ്ട് ആര്‍ ടി ഓഫീസില്‍ എത്തി ബഹളമുണ്ടാക്കുകയും ചെയ്ത ചാനലിന്റെ ബ്ലോഗര്‍മാരെ ടൗണ്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തതോടെയാണ് സംഭവം വലിയ ചര്‍ച്ചാവിഷയമായത്. ഈ ബ്ലോഗര്‍മാര്‍ അവരുടെ ചാനാലിലൂടെ പുറത്തുവിട്ട ലൈവ് വീഡിയോയിലൂടെയാണ് പുറംലോകം ഈ വാര്‍ത്തയെ കുറിച്ചറിഞ്ഞത്.

ഇതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പലവിധത്തില്‍ ചര്‍ച്ചയാവുകയായിരുന്നു ഈ വിഷയം. സംഭവത്തില്‍ ഇവരുടെ ആരാധകരും മറ്റ് ബ്ലോഗര്‍മാരും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ബ്ലോഗര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തതിനാല്‍ അവരെ ജാമ്യത്തില്‍ ഇറക്കാനുള്ള വഴി തേടുകയാണിവര്‍. ഇതിനായാണ് ഇവര്‍ എംഎല്‍എ ആയ മുകേഷിനെയും ബന്ധപ്പെട്ടത്. നേരത്തെ വാഹനം കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ ഇ – ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവര്‍ പങ്കുവെച്ച ലൈവ് വീഡിയോ വൈറല്‍ ആവുകയായിരുന്നു. ഇവരെ പിന്തുണച്ച് കൊണ്ട് ഒരു വിഭാഗം എത്തിയപ്പോള്‍ മറുഭാഗത്ത് ഇവരെ പരിഹസിക്കാനും ആള്‍ക്കാര്‍ ഉണ്ടായിരുന്നു.

നേരത്തെ നിയമങ്ങള്‍ ലംഘിച്ച് വാഹനത്തിന് രൂപമാറ്റം വരുത്തിയെന്നും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴച വരുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് മോട്ടോര്‍ വകുപ്പ് ഇവരുടെ വാഹനം പിടിച്ചെടുത്ത്. തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി.ഒ ഓഫീസില്‍ എത്തിയ യുവാക്കള്‍ വൈകാരികമായി യൂട്യൂബ് ലൈവ് ആരംഭിച്ചു. ഈ ഘട്ടത്തിലാണ് ഉദ്യോഗസ്ഥര്‍ പോലീസിനെ വിളിച്ച് വരുത്തിയത്.

സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ചു, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ആര്‍.ടി ഓഫീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയത്. ബ്ലോഗര്‍മാരെ പിന്തുണച്ച് ഒരു കൂട്ടം യുവാക്കളും സംഭവസ്ഥലത്ത് എത്തിയിരുന്നു. ആര്‍ടിഒയുമായി വാക്കേറ്റം ഉണ്ടായതോടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ബ്ലോഗര്‍മാരുടെ ഇരുപതോളം ആരാധകരും പോലീസ് കസ്റ്റഡിയിലാണ്.

അതേസമയം രാജ്യം മുഴുവന്‍ യാത്ര ചെയ്യുന്നതിനാല്‍ എല്ലാ പ്രദേശങ്ങളിലും ഓടിക്കുന്നതിനുള്ള ലൈറ്റുകളാണ് വാഹനത്തില്‍ ഉള്ളതെന്നാണ് ഇ-ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ അവകാശപ്പെടുന്നുണ്ട്. നികുതി സംബന്ധിച്ചും നിയമലംഘനം ഉണ്ടായിട്ടില്ലന്നും ഇവര്‍ വ്യക്തമാക്കുന്നു.