ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്’ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനുള്ളില്‍ കത്തും പണവും; പേര് വെളിപ്പെടുത്താത്ത മനുഷ്യനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

-

കോഴിക്കോട്>>’ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്’ ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനുള്ളില്‍ കത്തും പണവും; പേര് വെളിപ്പെടുത്താത്ത മനുഷ്യനെ നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിച്ച് സോഷ്യല്‍മീഡിയ
ഡിവൈഎഫ്‌ഐ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത്തവണ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിനൊപ്പം കണ്ണും മനസ്സും നിറയിക്കുന്ന ഒരു കുറിപ്പും കുറച്ച് പണവുമുണ്ടായിരുന്നു.ആ സ്‌നേഹപ്പൊതി ലഭിച്ച യുവാവ് ഇത് തുറന്ന് കത്തുമായി ഡിവൈഎഫ്‌ഐ പ്രവത്തകര്‍ക്ക് കാണിച്ചുകൊടുത്തപ്പോഴാണ് എല്ലാവരും ഇതറിയുന്നത്.
പേരോ, ഫോണ്‍ നമ്പറോ ഒന്നും തന്നെ ഈ കത്തിലില്ല, എന്നാല്‍ മനസ്സ് നിറയുന്ന വാക്കുകളും കുറച്ച് പണവുമുണ്ട്. മകളുടെ പിറന്നാള്‍ ദിവസമാണ് ഇന്ന് എന്നും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണമെന്നുമാണ് ആ കുറിപ്പിലുള്ളത്. ഒപ്പം നല്‍കിയ പണം കൊണ്ട് ഒരു നേരത്തേ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നുവെന്നും കത്തില്‍ കുറിച്ചിരിക്കുന്നു.

കത്ത് ഇങ്ങനെ: ”അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്.”
ആളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലു ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ കത്ത് പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്ക് പേജിലൂടെ ഈ കത്ത് പോസ്റ്റ് ചെയ്തു. ഒപ്പം ഈ കുറിപ്പും –
ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം
വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയുടെ ഭാഗമായി ഇന്ന് ഓര്‍ക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോര്‍ വിതരണം ചെയ്തു.
തിരിച്ചു വരാന്‍ നേരം…ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോര്‍ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങള്‍ക്ക് കാണിച്ചു തന്നു…..
ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു…
അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →