കേരളം ലഹരി മാഫിയയുടെ ഇടത്താവളമെന്ന് ഋഷിരാജ് സിങ്ങ്; ലഹരി വിപണിയെ നിയന്ത്രിക്കുന്നത് രാജ്യ വിരുദ്ധ ശക്തികളും

തിരുവനന്തപുരം>>കേരളം ലഹരിമാഫിയകളുടെ ഇടത്താവളമായി മാറിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്.

സംസ്ഥാനത്തെ കോളജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് ലഹരി വിപണനം നടക്കുന്നതെന്നും പറയുന്നു. മലയാളിക്ക് സന്തോഷവും ദുഃഖവും ആഘോഷിക്കാന്‍ ലഹരിയില്ലാതെ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മലയാളികള്‍ ആന്ധ്രാപ്രദേശില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്നും മാവോയിസ്റ്റ് അടക്കമുള്ള രാജ്യവിവിരുദ്ധശക്തികളുടെ സഹായവും ലഭിക്കുന്നുണ്ടെന്നും ഋഷിരാജ് വെളിപ്പെടുത്തി. കേരളത്തിലെ പ്രൊഫഷണല്‍ കോളജുകളുടെ ഹോസ്റ്റലുകളില്‍ മാരകമായ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവിടെ പരിശോധന നടത്തിയാല്‍ കള്ളി വെളിച്ചത്താവുമെന്നും അദ്ദേഹം വിമര്‍ശിച്ചു. എക്സൈസ് കമ്മിഷണറായിരുന്ന കാലയളവില്‍ 3000 കോടിയുടെ ഹരി ഉല്‍പന്നങ്ങള്‍ പിടികൂടിയെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാത്തത് തിരിച്ചടിയാണെന്നും ഋഷിരാജ് സിങ്ങ് ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ സമ്ബന്നമായ സംസ്ഥാനമായതിനാല്‍ ലഹരി ഉള്‍പ്പന്നങ്ങള്‍ വാങ്ങാന്‍ മലയാളിയുടെ കൈയില്‍ ധാരാളം പണമുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്ഥമാണ്. കേരളത്തില്‍ വാങ്ങുവാനുള്ള ശേഷി കൂടുതലായതുകൊണ്ടാണ് ലഹരിമാഫിയകളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷ പരിപാടികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരേ സര്‍ക്കാര്‍ കടുത്ത നടപടിയെടുത്താല്‍ മാത്രമേ വരും തലമുറയെയെങ്കിലും രക്ഷിച്ചെടുക്കാന്‍ കഴിയൂ. മയക്കുമരുന്നിന്റെ പ്രധാന വിപണിയായി കേരളം മാറിക്കഴിഞ്ഞു. രാജ്യാന്തര മാഫിയാ ശക്തികള്‍ കേരളത്തെ ഡ്രഗ്സിന്റെ വിപണിയായിട്ടാണ് കണ്ടിരിക്കുന്നതെന്നും മയക്കുമരുന്നുമായി അറസ്റ്റിലാകുന്ന വിദേശികളുടെ എണ്ണം തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകുമെന്നും ഋഷിരാജ് സിങ്ങ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →