ആലുവ റെയില്‍വേ സ്റ്റേഷനില്‍ കോടികളുടെ മയക്കുമരുന്ന് വേട്ട

-

എറണാകുളം>> ആലുവ റെയില്‍വേ സ്റ്റേഷനില്‍ കോടികളുടെ മയക്കുമരുന്ന് വേട്ടയാണ് ഇന്ന് നടന്നത്. മൂന്നു കിലോയിലധികം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളെ എക്‌സൈസ് ഇന്റലിജന്‍സ് പിടികൂടി. ദില്ലിയില്‍ നിന്നും ന്യൂ ഇയര്‍ ഡിജെ പാര്‍ട്ടികള്‍ക്കായാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയത്.

തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാഹുല്‍, സൈനുലാബുദ്ദീന്‍ എന്നിവരില്‍ നിന്ന് മൂന്ന് കോടിയിലധികം വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഫ്രൂട്ട് ജ്യൂസിന്റെയും പാനിപ്പൂരിയുടെയും പാക്കിനുള്ളില്‍ നിറച്ചാണ് ഇവര്‍ ദില്ലിയില്‍ നിന്നും മംഗള എക്‌സ്പ്രസ് ട്രെയിനില്‍ മയക്കുമരുന്ന് കടത്തിയത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹാമര്‍ ത്രോ റെക്കോര്‍ഡ് ചാമ്പ്യനാണ് പിടിയിലായ രാഹുല്‍. പരിശീലനത്തിനെന്ന പേരിലാണ് രാഹുല്‍ സുഹൃത്തിനൊപ്പം ദില്ലിയിലേക്ക് പോയത്. ന്യൂയര്‍ പാര്‍ട്ടികളില്‍ വിതരണം ചെയ്യാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികളുടെ മൊഴി. ഇവര്‍ നേരത്തെയും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

കടത്തിനായി ആരുടെയൊക്കെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്, ദില്ലിയില്‍ എവിടെ നിന്നാണ് മയക്കുമരുന്ന് കിട്ടിയത് എന്നതടക്കമാണ് പൊലീസ് നിലവില്‍ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് യുവാക്കളുടെ കൊടുങ്ങല്ലൂരിലെ വീടുകളിലും പരിശോധന നടത്തും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →