ടെസ്റ്റിന് തീയതി ലഭിക്കാന്‍ വൈകി; ഡ്രൈവിങ്ങ് സ്‌കൂളുകാരന്റെ കാറുകള്‍ അടിച്ചു തകര്‍ത്ത് യുവാവ്

ന്യൂസ് ഡെസ്ക്ക് -

തൃശ്ശൂര്‍>>>ഡ്രൈവിങ് ടെസ്റ്റിന് തിയതി ലഭിക്കാന്‍ വൈകിയതില്‍ പ്രകോപതിനായി യുവാവ് ഡ്രൈവിങ് സ്‌കൂളുകാരന്റെ കാറുകള്‍ അടിച്ചുതകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ജില്ലയിലെ ഡ്രൈവിങ് സ്‌കൂളുകാര്‍ നഗരത്തില്‍ പ്രതിഷേധിച്ചു.

തൃശൂര്‍ കൊഴുക്കുള്ളിയിലെ ഗൗരി നന്ദ ഡ്രൈവിങ് സ്‌കൂള്‍ ഉടമ അനിലന്റെ വീട്ടില്‍ അര്‍ധരാത്രിയായിരുന്നു അക്രമം. മുടിക്കോട് സ്വദേശിയായ യുവാവും രണ്ടു സുഹൃത്തുക്കളും വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറി കാറുകള്‍ തല്ലി തകര്‍ക്കുകയായിരുന്നു.

വരാന്തയില്‍ കയറിയ യുവാവ് വളര്‍ത്തുമീന്‍ ടാങ്കാണ് ആദ്യം അടിച്ചുതകര്‍ത്തത്. വാതിലില്‍ ഇടിച്ച് ബഹളമുണ്ടാക്കിയ കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രണ്ടു കാറുകളും അടിച്ചുതകര്‍ക്കുകയായിരുന്നു.

വീടിനകത്തേയ്ക്കു കയറാനുള്ള ശ്രമം കുടുംബാംഗങ്ങള്‍ പ്രതിരോധിച്ചുതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ മറിച്ചിട്ട് അയല്‍പക്കത്തെ വീടിന്റെ ഗേയ്റ്റും പിടിച്ചുകുലുക്കി ഭീഷണി മുഴക്കിയാണ് അക്രമികള്‍ സ്ഥലംവിട്ടത്.

അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തില്‍ തൃശൂര്‍ തെക്കേഗോപുരനടയില്‍ പ്രതിഷേധം നടത്തി. അക്രമികളെ മണ്ണുത്തി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കോവിഡ് കാലത്ത് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷ നല്‍കിയവര്‍ക്ക് പുതിയ തിയതി അനുവദിച്ചിട്ടില്ലെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ സംഘടന പറയുന്നത്. പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് തീയതി ലഭിക്കുന്നുമുണ്ട്.

ഇതിന്റെ പേരില്‍ ആളുകളും ഡ്രൈവിങ് സ്‌കൂള്‍ അധികൃതരും തമ്മില്‍ വാക്കേറ്റവും ബഹളവും പതിവാണ്. ഈ പ്രശ്നം ഉടന്‍ പരിഹരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഇടപെടണമെന്നാണ് അവര്‍ ഉന്നയിക്കുന്ന ആവശ്യം.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →