LOADING

Type to search

പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതെ ഓട്ടോ ഡ്രൈവറുടെ ക്രൂരത, മണിക്കൂറുകള്‍ റോഡുവക്കില്‍ കിടന്നയാള്‍ ചികിത്സ കിട്ടാതെ മരിച്ചു

Latest News Local News News


കോട്ടയം>>> അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഉപേക്ഷിച്ച് കടന്നു. ചികിത്സ കിട്ടാതെ മണിക്കൂറുകളോളം റോഡുവക്കില്‍ കിടന്നയാള്‍ മരിച്ചു. ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അതിരംപുഴ സ്വദേശി ബിനുവാണ് മരിച്ചതെന്നാണ് വിവരം.

ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഈ സമയം ബിനുവും ഡ്രൈവറും മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടം കണ്ട് ഓടിക്കൂടിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയശേഷം ഓട്ടോ ഉയര്‍ത്തിവച്ചു. തുടര്‍ന്ന് ബിനുവിനെ അതില്‍ കിടത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ മടങ്ങിയതോടെ ബിനുവിനെ തൊട്ടടുത്ത കടത്തിണ്ണയില്‍ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവര്‍ കടന്നുകളയുകായിരുന്നു. പ്രദേശവാസികള്‍ ആരും ഇത് ശ്രദ്ധിച്ചുമില്ല. സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇന്നുരാവിലെ വഴിയാത്രക്കാരായ ചിലരാണ് ഒരാള്‍ അനക്കമില്ലാതെ കടത്തിണ്ണയില്‍ കിടക്കുന്ന കാര്യം പൊലീസിനെ വിളിച്ചറിയിച്ചത്. പൊലീസ് അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടമുണ്ടായ വിവരം ആരും വിളിച്ചറിയിച്ചില്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നുമാണ് പൊലീസ് പറയുന്നത്. ഓട്ടോഡ്രൈവറെ കണ്ടെത്താനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. ബിനുവിന്റെ ബന്ധുവാണ് ഓട്ടോ ഓടിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.