Type to search

‘യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം’; മോന്‍സണിന്റെ നര്‍മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ബി ഇക്ബാല്‍

Latest News Local News News

തിരുവനന്തപുരം>>> യേശുവിനെ ഒറ്റിക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോന്‍സണ്‍ പ്രകടിപിച്ച നര്‍മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ലെന്ന് ഡോ. ബി ഇക്ബാല്‍. വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുതെന്നും ഇക്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വെറുമൊരു തട്ടിപ്പു വീരന്‍ മാത്രമായി മോന്‍സണ്‍ മാവുങ്കലിനെ കുറച്ച് കാണരുത്. ഇതിനു മുന്‍പ് എത്രയോ കബളിപ്പിക്കലിനാണു മലയാളികള്‍ ‘അഹമഹമികയാ’ മുന്നോട്ട് വന്നുകൊണ്ടിരുന്നത്. എല്ലാറ്റിലും വലിയ കേമരെന്ന് നടിക്കുമ്‌ബോഴും അതിവേഗം പറ്റിക്കപ്പെടാവുന്ന ജനങ്ങളാണു മലയാളികളെന്ന് ഏതൊരു തട്ടിപ്പ് സാധാരണനും (കാവാലത്തോട് കടപ്പാട്) അറിയാവുന്ന അങ്ങാടി രഹസ്യമാണു.”

മോന്‍സണ്‍ പക്ഷെ പ്രസക്തനാവുന്നത് അയാളുടെ അത്യുന്നതമെന്ന് വിശേഷിപ്പിക്കേണ്ട ഫലിതബോധത്തിന്റെ പേരിലാണ്. മോശയുടെ ഊന്ന് വടിയും അലക്സാണ്ടറുടെ വാളുമൊക്കെ പ്രയോഗിച്ച് പഴകിയ പഴഞ്ചന്‍ ഐറ്റങ്ങള്‍ മാത്രം. എന്നാല്‍ യേശുവിനെ ഒറ്റുക്കൊടുക്കാനായി യൂദാസ് വാങ്ങിയ വെള്ളിക്കാശില്‍ രണ്ടെണ്ണം അവതരിപ്പിച്ചതിലൂടെ മോന്‍സണ്‍ പ്രകടിപിച്ച നര്‍മബോധം എത്ര അഭിനന്ദിച്ചിട്ടും മതിവരുന്നില്ല. സത്യത്തില്‍ നമിച്ച് പോയി. പ്രസിദ്ധരായ തട്ടിപ്പ് വീരന്മാരുടെയല്ല കുഞ്ചന്‍ നമ്ബ്യാരുടെയും വികെയെന്നിന്റെയും പിന്‍ഗാമിയായി അംഗീകരിച്ച് ഫലിതബോധത്തില്‍ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം മോന്‍സണിനു നല്‍കി ആദരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

കൊച്ചി കലൂരിലുള്ള വീടുതന്നെ മ്യൂസിയമാക്കി മാറ്റി അവിടെയായിരുന്നു മോന്‍സണ്‍ വ്യാജ പുരാവസ്തുക്കള്‍ സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നത്. വളരെ കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളാണ് ഇയാള്‍ സന്ദര്‍ശകര്‍ക്കുവേണ്ടി ഇവിടെ ഒരുക്കിയിരുന്നത്. ലോകത്തിലെ അത്യപൂര്‍വ്വങ്ങളായ പുരാവസ്തുക്കള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന മോന്‍സണ്‍ അത് കാണാന്‍ വരുന്നവരുടെ മൊബൈല്‍ ഫോണുകള്‍ ആദ്യം തന്നെ സ്വീകരണ മുറിയിലെ ഒരു ലോക്കറില്‍ വെച്ച് പൂട്ടും. അകത്തു ചെന്നാല്‍ ഈ വസ്തുക്കള്‍ക്കൊക്കെ കാവലായി തലങ്ങും വിലങ്ങും സുരക്ഷാ കാമറകള്‍ ഉണ്ട്. നിരവധി സെക്യൂരിറ്റി സ്റ്റാഫും മോന്‍സനുണ്ടായിരുന്നു. യേശു ക്രിസ്തുവിന്റെ രക്തം പുരണ്ടത് എന്നുപോലും അവകാശപ്പെട്ടുകൊണ്ട്, ഒരു കഷ്ണം തുണിയും ഈ വീട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു മോന്‍സണ്‍.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം അടക്കം പുരാവസ്തുക്കളായി ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു വില്‍പ്പന. എന്നാല്‍ ചേര്‍ത്തലയിലെ ഒരു ആശാരിയാണ് ഇവ നിര്‍മിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബൈബിളില്‍ പറയുന്ന മോശയുടെ അംശ വടി അടക്കം തന്റെ പക്കലുണ്ടെന്ന് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ താന്‍ ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സണ്‍ പൊലീസിനോട് അവകാശപ്പെടുന്നത്. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈറ്റിലെയും ദുബൈയിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും അയച്ചു തന്ന പണമാണ് തന്റെ പക്കലുള്ളതെന്ന് വ്യാജരേഖ കിട്ടിയാണ് പലരില്‍ നിന്നായി കോടികള്‍ തട്ടിയത്.

‘യേശുവിനെ ഒറ്റുകൊടുക്കാന്‍ വേണ്ടി യൂദാസ് സ്വീകരിച്ച മുപ്പതു വെള്ളിക്കാശിലെ രണ്ടെണ്ണം നമ്മുടെ കേരളത്തിലുണ്ട്’ എന്നതായിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ പ്രധാന അവകാശവാദം. ഒരു പെട്ടിക്കുള്ളില്‍ ആമാടപ്പെട്ടിയുടെ രൂപത്തിലുള്ള മറ്റൊരു കുഞ്ഞുപെട്ടിക്കുള്ളിലായി സൂക്ഷിച്ച ഈ രണ്ടു നാണയങ്ങള്‍ ഭക്ത്യാദര പൂര്‍വം മോന്‍സണിന്റെ അനുയായികളില്‍ ഒരാള്‍ പുറത്തെടുത്ത് കാണിക്കുമ്‌ബോള്‍ പലരും അത് വിശ്വസിച്ചു പോകും. മോന്‍സണിന്റെ വീട്ടില്‍ കാമറ ടീമിനെയും കൊണ്ട് ചെന്ന്, ഈ നാണയം ഇങ്ങനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ഭക്തിസാന്ദ്രമായ പശ്ചാത്തല സംഗീതത്തോടെ കാണിച്ചിട്ടുള്ളവരില്‍ പ്രസിദ്ധ യൂട്യൂബര്‍മാരായ ഒരു അമ്മയും മകനും വരെയുണ്ട്. ‘കയ്യില്‍ ഈ നാണയങ്ങള്‍ തൊടാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യം’ എന്നാണ് അന്ന് അവര്‍ വിഡിയോയില്‍ പറഞ്ഞത്.

ചേര്‍ത്തല മാവുങ്കല്‍ മോന്‍സണ്‍ അറിയപ്പെട്ടിരുന്നത് ഡോ. മോന്‍സണ്‍ മാവുങ്കല്‍ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാള്‍ ‘ഡോക്ടര്‍’ ആയതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. ആളുകളെ പറഞ്ഞുവീഴ്ത്താനുള്ള വാക്ചാതുരിയായിരുന്നു കൈമുതല്‍. കലൂരില്‍ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാല്‍ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.