എറണാകുളം സ്ത്രീധന പീഡന കേസ്: യുവതിയുടെ ഭര്‍ത്താവും പിതാവും അറസ്റ്റില്‍

രാജി ഇ ആർ -

കൊച്ചി>>>യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയും പട്ടിണിക്കിടുകയും മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

ജിപ്‌സന്റെ അമ്മ ജൂലി കേസിലെ മൂന്നാം പ്രതിയാണ്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി നിലവിലെ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അറസ്റ്റ് നടന്നത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ സിബി ടോമാണ് വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയത്. പരാതിക്കാരിയായ യുവതിയെ സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പോലീസിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ആദ്യ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമ വകുപ്പുകള്‍ ചേര്‍ക്കാത്ത നടപടിയെയും അവര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തിരുവനന്തപുരത്തെ മുഖ്യ ഓഫിസില്‍ നേരിട്ടത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം കമ്മീഷന്‍ മുന്‍പാകെ ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ ഭാഗത്ത് നിന്നുള്ള കാരണങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നു കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്ത്രീധന പീഡന പരാതിയില്‍ നടപടി വൈകുന്നതിനെതിരെ യുവതിയും രംഗത്ത് വന്നിരുന്നു.

പരാതിയില്‍ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ലന്നും പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നതായും പീഡനത്തിനിരയായ പെണ്‍കുട്ടി ആരോപിച്ചിരുന്നു. ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയും പട്ടിണിക്കിടുകയും ചെയ്ത പച്ചാളം സ്വദേശി ജിപ്‌സണ്‍ മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്തിരുന്നു.

ആദ്യ പരാതിയില്‍ നടപടി എടുക്കാത്ത പൊലീസ് വീണ്ടും കേസെടുത്തെങ്കിലും ഇരയായ പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ഭര്‍ത്താവും മാതാപിതാക്കളും മുന്‍കൂര്‍ ജാമ്യപേക്ഷയും നല്‍കി. പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടുന്നതിനാലാണ് അറസ്റ്റ് നടക്കാത്തതെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു.

പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ പോലീസ് ഒത്തുകളിക്കുന്നതായി ആക്ഷന്‍ കൗണ്‍സിലും ആരോപിച്ചു. ആദ്യ പരാതിയില്‍ നടപടിയെടുക്കാത്തതിന് വനിത കമ്മീഷനും പോലീസിനെ വിമര്‍ശിച്ചിരുന്നു.