
ന്യൂഡല്‍ഹി>>>വളര്‍ത്തുനായയോടൊപ്പം യാത്ര ചെയ്യാനായി എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ് ക്യാബിന് മുഴുവനായും ബുക്ക് ചെയ്ത് യുവതി. സെപ്റ്റംബര്‍ പതിനഞ്ചിന് മുബൈയില്‍ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യാനാണ് രണ്ടര ലക്ഷം രൂപയ്ക്ക് ബിസിനസ് ക്ലാസ് ക്യാബിന് യുവതി ബുക്ക് ചെയ്തത്.
ഒരു ബിസിനസ് ക്ലാസ് ടിക്കറ്റിന് ഇരുപതിനായിരം രൂപയാണ് സാധാരണനിലയില്‍ ചിലവ് വരിക. വിമാനത്തില്‍ ആകെയുള്ള 12 ബിസിനസ് ക്ലാസ്സ് സീറ്റുകളും യുവതി ബുക്ക് ചെയ്തു. എയര്‍ ഇന്ത്യയുടെ എഐ 671 വിമാനത്തിലായിരുന്നു വളര്‍ത്തു നായയോടൊപ്പമുള്ള യുവതിയുടെ യാത്ര. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇതാദ്യമായാണ് ഒരാള്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് വേണ്ടി ബിസിനസ് ക്ലാസ് ക്യാബിന് മുഴുവനായും ബുക്ക് ചെയ്യുന്നത്. പൊതുവെ ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയില്‍ വളര്‍ത്തു മൃഗങ്ങളെ ഇരുത്തുകയാണ് ചെയ്യുക. കഴിഞ്ഞ വര്‍ഷം ജൂണിനും സെപ്റ്റംബറിനും ഇടയില്‍ 2000 വളര്‍ത്തുമൃഗങ്ങളെ യാത്ര ചെയ്യാനായി എയര്‍ ഇന്ത്യ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്.
നിബന്ധനകളോടെയാണെങ്കിലും വളര്‍ത്തു മൃഗങ്ങളോടൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കുന്ന ഇന്ത്യയിലെ ഏക ഇന്ത്യന്‍ വിമാന കമ്ബനിയാണ് എയര്‍ ഇന്ത്യ. ഒരു വിമാനത്തില്‍ പരമാവധി രണ്ട് വളര്‍ത്തു മൃഗങ്ങളെയാണ് യാത്രയില്‍ കൂടെ കൊണ്ട് പോകാന്‍ സാധിക്കുക.

Follow us on