
പാലാ>>>മാന്യന്റെ മുഖം മറയാക്കി രാജേഷ് ജോര്‍ജ് സംസ്ഥാനത്തൊട്ടാകെ നടത്തിയത് നൂറിലധികം തട്ടിപ്പുകള്‍ . ഇന്നലെ പാലാ സി.ഐ. കെ.പി. ടോംസണും എസ്. ഐ. എം.ഡി. അഭിലാഷും ചേര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് സംവിധായകനെന്ന വ്യാജേനയും മറ്റു തരത്തിലും നടത്തിയ ഒട്ടേറെ തട്ടിപ്പിന്റെ കഥകളാണ്.
കഴിഞ്ഞ ദിവസം ‘സംവിധായകനായി’ പാലാ മുരിക്കുംപുഴയിലെ കടയിലെത്തി 14 കാരിയെ കടന്നുപിടിച്ച ഇയാള്‍, തന്റെ സിനിമയിലൂടെ നിന്നെ ‘മഞ്ജുവാര്യരെപ്പോലെ’യാക്കാമെന്നാണ് തട്ടിവിട്ടത്. പാലായില്‍ ഇത് പത്താം തവണയാണ് സ്ഥിരം നമ്ബരുകളുമായി എത്തിയതെന്നും രാജേഷ് ജോര്‍ജ് വെളിപ്പെടുത്തി. പല പെണ്‍കുട്ടികളും നാണക്കേട് ഭയന്ന് അപമര്യാദ മറച്ചുവെച്ചതോടെ പാലാ സ്ഥിരം തട്ടകമാക്കാന്‍ ഇയാള്‍ ഏറെ താല്‍പ്പര്യപ്പെടുകയായിരുന്നു.
വീട്ടുകാരറിഞ്ഞു നടത്തിയ വിവാഹ ജീവിതം ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം താമസം തുടങ്ങിയ ഇയാള്‍ പിന്നീട് തട്ടിപ്പിലേക്ക് കടക്കുകയായിരുന്നു.
രാവിലെ ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങും. സ്ത്രീ ജീവനക്കാര്‍ മാത്രമുള്ള കട കണ്ടു വെയ്ക്കും. പിറ്റേന്ന് ഉടമസ്ഥന് പറഞ്ഞിട്ടാണെന്ന മട്ടില്‍ കടയില്‍ ചെന്ന് ഉടമയെ ഫോണ്‍ വിളിക്കുന്നതു പോലെ അഭിനയിക്കും. ‘ പണം വാങ്ങിക്കോട്ടെ ‘ എന്ന് ഉടമയോട് ഫോണില്‍ ചോദിക്കുന്നതായി നടിച്ച് ജീവനക്കാരോട് പണം ആവശ്യപ്പെടും. കട ഉടമസ്ഥന്റെ പേര് വിളിച്ചാണ് സംസാരമെന്നതിനാല്‍ മിക്കവരും പണം കൊടുത്തുപോകും. ഇങ്ങനെ അരലക്ഷം രൂപാ വരെ ഉണ്ടാക്കിയ ദിവസമുണ്ടെന്ന് രാജേഷ് ജോര്‍ജ് പറയുന്നു.
കടകളില്‍ ചെറുപ്പക്കാരായ വനിതാ ജീവനക്കാരുണ്ടെങ്കില്‍ ഇയാള്‍ സമീപിക്കുന്നത് ടെലിഫിലിമിലോ, സിനിമയിലോ അഭിനയിപ്പിക്കാമെന്ന വാഗ്ദാനവുമായാണ്. അല്‍പ്പമെങ്കിലും താല്‍പ്പര്യം കാണിക്കുന്നവരെ ‘മോള് വളരെ സുന്ദരിയാണ്. അളവു കൂടി ഒന്ന് നോക്കിയാല്‍ സംഗതി റെഡി’ എന്ന് പറഞ്ഞ് അടുത്തുകൂടി ‘അളവെടുക്കല്’ തുടങ്ങും. ചിലര്‍ നാണക്കേട് ഭയന്ന് മിണ്ടില്ല. പ്രതികരിക്കുന്നെന്നു കണ്ടാല്‍ ഉടന്‍ സ്ഥലം കാലിയാക്കും. ആറു വര്‍ഷമായി തുടരുന്ന ഈ ‘തൊഴിലുകള്ക്കിടെ ‘ പല തവണ സ്ത്രീകളുടെ കൈക്കരുത്ത് അറിഞ്ഞിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. ഇടയ്ക്ക് പൊലീസിന്റെ പിടിയിലാവുകയും സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ തടവില്‍ കഴിയുകയും ചെയ്തിട്ടുണ്ട്.

Follow us on