അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം; ദിലീപിനൊപ്പം രണ്ട് പേര്‍ കൂടി ജാമ്യാപേക്ഷ നല്‍കി

-

കൊച്ചി>>

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെ കൂടാതെ രണ്ട് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസിലെ നാലും ആറും പ്രതികളാണ് ഇവര്‍. ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല, ഈ കാര്യവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ല എന്നാണ് പ്രതികളായ ഇവര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ച് കേസ് നാളെ പരിഗണിക്കും.

അതേസമയം ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയെന്ന് എഡിജിപി ശ്രീജിത്ത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്‌ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →