ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്നത് ഇപ്പോള്‍ പറയാനാകില്ല; വീട്ടില്‍ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെ; എഡിജിപി ശ്രീജിത്ത്

ആലുവ>>
ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് കോടതിയുടെ അനുമതിയോടെയെന്ന് എഡിജിപി ശ്രീജിത്ത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലും അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലുമാണ് റെയ്‌ഡെന്നാണ് എഡിജിപിയുടെ വിശദീകരണം. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ദിലീപിന്റെ സഹോദരന്റെ വീട്ടിലെ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്.

കൂടാതെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന ക്രൈം ബ്രാഞ്ച് പരിശോധന അവസാനിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച ക്രൈം ബ്രാഞ്ച് റെയ്ഡ് പൂര്‍ത്തിയാക്കിയത് വൈകിട്ട് 6.45നാണ്.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെയാണ് മടങ്ങിയത്. പരിശോധനാ വിവരങ്ങള്‍ അന്വേഷണ സംഘം നാളെ കോടതിയെ അറിയിക്കും. ദിലീപിന്റെ നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും പരിശോധന അവസാനിച്ചു. ആലുവയിലെ വീട്ടില്‍ നടന്നത് 8 മണിക്കൂര്‍ നീണ്ട റെയ്ഡാണ്.റെയ്ഡ് നടത്തിയത് ക്രൈം ബ്രാഞ്ച് എസ് പി മോഹന്‍ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നാണ് പൊലീസ് നിലപാട്.

ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീടിന് പുറമെ അനുജന്‍ അനൂപിന്റെ വീട്ടിലും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയിലുമാണ് പരിശോധന നടന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയുടെ തെളിവുകള്‍, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടെന്ന കേസിലെ തെളിവുകള്‍ എന്നിവ തേടിയാണ് പരിശോധന.

നടന്‍ ദിലീപ് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്ന ഗൂഢാലോചനാ കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു.

ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകന്‍ ഫിലിപ് ടി വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരിയാണ് ആദ്യം സ്ഥലത്തെത്തിയത്. ഇവരാണ് അന്വേഷണ സംഘത്തിന് വീട് തുറന്ന് നല്‍കിയത്. അതിനു മുമ്പേ തന്നെ അന്വേഷണ സംഘത്തില്‍ ചിലര്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നിരുന്നു. ക്രൈം ബ്രാഞ്ചിന്റെ 20 അംഗ സംഘമാണ് ദിലീപിന്റെ പത്മസരോവരം വീട്ടില്‍ പരിശോധന നടത്തിയത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →