നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയില്‍ കൊണ്ടുപോയി വര്‍ദ്ധിപ്പിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍

-

കൊച്ചി>>നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളിലെ ശബ്ദം ദിലീപ് സ്റ്റുഡിയോയില്‍ കൊണ്ടുപോയി വര്‍ദ്ധിപ്പിച്ചതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു.

അന്വേഷണ സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേ സമയം ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമങ്ങള്‍ അന്വേഷണ സംഘം ആരംഭിച്ചു.

പള്‍സര്‍ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് തന്റെ മുന്നിലിരുന്ന് കണ്ടിരുന്നു. ഈ ദൃശ്യങ്ങളുടെ ഒറിജിനല്‍ ശബ്ദത്തിന് വ്യക്തത കുറവായിരുന്നു. അതിനാല്‍ ദൃശ്യങ്ങളുടെ ശബ്ദം സ്റ്റുഡിയോയില്‍ കൊണ്ടുപോയി യഥാര്‍ത്ഥ ശബ്ദത്തിന്റെ 20 ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോയെന്ന് ചോദിച്ച് ദൃശ്യങ്ങള്‍ കാണാന്‍ തന്നെയും ദിലീപ് ക്ഷണിച്ചിരുന്നു. ഭയവും സങ്കടവും തോന്നിയതു കൊണ്ടാണ് ദൃശ്യങ്ങള്‍ കാണാന്‍ തയ്യാറാകാതിരുന്നത്. ദിലീപിനോട് കടുത്ത അമര്‍ഷം തോന്നിയിരുന്നു. ഇതേ തുടര്‍ന്നാണ് ടാബില്‍ ഇതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം പകര്‍ത്തിയതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഈ ശബ്ദത്തിന്റെ പകര്‍പ്പ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ദുബായില്‍ നിന്നു നാട്ടിലെത്തിയ ഒരാളാണു തന്റെ സാന്നിധ്യത്തില്‍ ഈ ദൃശ്യങ്ങളുണ്ടായിരുന്ന ടാബ് ദിലീപിനു കൈമാറിയതെന്നും അയാളുടെ പേര് അറിയില്ലെങ്കിലും വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പള്‍സര്‍ സുനി 2018ല്‍ അമ്മ ശോഭനയ്ക്ക് നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് നീക്കം.

2018 മെയ് 7ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് കത്ത് നല്‍കിയത്. താന്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് പള്‍സര്‍ സുനി കത്തില്‍ പറയുന്നു. അബാദ് പ്ലാസയില്‍ വെച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്തതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. നടന്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങളാണ് കത്തിലുടനീളമുള്ളത്. ദിലീപിന് പുറമെ സിനിമാ മേഖലയയുമായി ബന്ധപ്പെട്ട് വേറെ ആളുകള്‍ക്കും പങ്കുണ്ടെന്ന് പള്‍സര്‍ സുനിയുടെ അമ്മ ശോഭന പറയുന്നു.

മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്ത് വിടുന്നതെന്നാണ് അമ്മ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കോടതിയില്‍ വെച്ചാണ് കത്ത് തന്നത്. ഇപ്പോള്‍ ആരേയും കാണിക്കരുതെന്നും എന്റെ ജീവന്‍ എപ്പോഴാണ് പോവുന്നതെന്ന് അറിയില്ല, അങ്ങനെ സംഭവിച്ചാല്‍ പുറത്ത് വിടണമെന്ന് പറഞ്ഞതായി അമ്മ പറയുന്നു.

കത്ത് പുറത്ത് വന്നതിന് പിന്നാലെ പ്രത്യേകന്വേഷണ സംഘം ശോഭനയുടെ മൊഴി രേഖപ്പെടുത്തി. തുടരന്വേഷണത്തിന് നിര്‍ണ്ണായകമായേക്കാവുന്ന കത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →