പെരുമ്പാവൂര്‍ >> മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡിന്റെ നിര്‍മ്മാണത്തിനായി എത്തിച്ച എമല്‍ഷന്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച കരാറുകാരനെ തടഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെയും, നാട്ടുകാരുടെയും , പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ആറുമാസം കൂടി കാലാവധിയുള്ള ടാറിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന എമല്‍ഷന്‍ നീക്കം ചെയ്യാനുള്ള നടപടി തടഞ്ഞത്. പ്രസ്തുത സ്ഥലത്ത് എത്തിച്ച എമല്‍ഷന്‍ കൊണ്ട് പോകുന്നതിന് ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല എന്ന് സ്ഥലം സന്ദര്‍ശനവേളയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വ്യക്തമാക്കി.
ഈ റോഡ് നിര്‍മാണോദ്ഘാടനം നടത്തിയിട്ട് 36 മാസമായി . 11.50 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 7 കിലോമീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയായത്. കരാര്‍ കാലാവധി അവസാനിച്ചിട്ടും വീണ്ടും കരാര്‍ നീട്ടി നല്കിയ അവസ്ഥ ഉണ്ടായിട്ടും കരാറുകാരന്റെ ഭാഗത്തു നിന്ന് നിര്‍മാണം പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല.
വലിയ കുഴികള്‍ രൂപപ്പെട്ട് യാത്ര അതീവ ദുരിതമായിട്ടും സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഇടപെടലുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് എംഎല്‍എയുടെ പ്രതിഷേധം. 3 മണ്ഡലങ്ങളില്‍ കൂടി കടന്നുപോകുന്ന റോഡാണിത്. എം.സി റോഡിലെ മണ്ണൂരിനെയും എഎം റോഡിലെ പോഞ്ഞാശേരിയെയും ബന്ധിപ്പിച്ചുള്ള റോഡ് എംസി റോഡിലെയും പെരുമ്പാവൂര്‍ ടൗണിലെയും തിരക്കു കുറയ്ക്കാനുള്ള റോഡാണ്. സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചത്.സര്‍വേ പൂര്‍ത്തിയാക്കി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ചെലവ് 23.74 കോടി രൂപയായി.
പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചപ്പോള്‍ 2019 ജനുവരി 5ന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. പെരുമ്പാവൂര്‍ മണ്ഡല പരിധിയില്‍ വരുന്ന വെങ്ങോല മുതല്‍ പോഞ്ഞാശേരി വരെയുള്ള 3.50 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയായി. വെങ്ങോല മുതല്‍ മണ്ണൂര്‍ വരെയുള്ള 8 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നത്.
ഐരാപുരം കോളേജ് ജംഗ്ഷന് മുതല്‍ മണ്ണൂര്‍ ജംഗ്ഷന് വരെ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്.
ഇവിടെ കലുങ്കുകളും കാനകളും നിര്‍മിക്കണം. നിര്‍മാണവും നടപടികളും പൂര്‍ത്തിയാക്കിയിട്ടില്ല. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായി. റോഡ് കയ്യേറ്റം കണ്ടെത്താനുള്ള സര്‍വേയും പൂര്‍ത്തീകരിച്ചു. റോഡിന്റെ വശങ്ങളിലെ മരങ്ങളും വെട്ടി മാറ്റി. കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചു.
മഴ മാറിയ സാഹചര്യത്തില്‍ ഈ റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്കും റോഡിന് ഇരുവശം താമസിക്കുന്ന ആളുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പൊടി ശല്യം രൂക്ഷം ആയിരിക്കുകയാണ്.
മണ്ണൂര്‍-പോഞ്ഞാശേരി റോഡിന്റെ നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു വകുപ്പ് മന്ത്രിയ്ക്ക് നേരിട്ട് കത്ത് നല്‍കിയിരുന്നു. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നില്‍ സമരം നടത്തുംമെന്ന് അറിയിച്ചു.
Follow us on