LOADING

Type to search

മോന്‍സണിന്റെ ഇടപാടുകളില്‍ സംശയം തോന്നി,പരാതി ലഭിക്കാത്തതിനാല്‍ അന്വേഷിച്ചില്ല, തന്റെ സാന്നിദ്ധ്യത്തില്‍ പണമിടപാട് നടന്നിട്ടില്ലെന്നും ഡി ഐ ജി സുരേന്ദ്രന്‍

Latest News Local News News

കൊച്ചി>>> പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി തനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായും തന്റെ കുടുംബത്തിലെ മിക്ക ചടങ്ങുകളിലും മോന്‍സന്‍ പങ്കെടുക്കുമായിരുന്നുവെന്നും ഡി ഐ ജി സുരേന്ദ്രന്‍.

കൊച്ചി കമ്മിഷണര്‍ ആയിരുന്ന അവസരത്തിലാണ് മോന്‍സണിനെ പരിചയപ്പെടുന്നതെന്നും അതിനു ശേഷം തങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ മോന്‍സണിന്റെ ഇടപാടുകളില്‍ തനിക്ക് ചില സംശയങ്ങള്‍ തോന്നിയതിനാല്‍ അടുത്ത കാലത്തായി ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്ന് ഡി ഐ ജി പറഞ്ഞു.

ആരില്‍ നിന്നും പരാതികള്‍ ഒന്നും ലഭിക്കാത്തതിനാലാണ് മോന്‍സണിന്റെ ഇടപാടുകളെ കുറിച്ച് കൂടുതലായി അന്വേഷിക്കാത്തതെന്നും അയാളുടെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും ഡി ഐ ജി വ്യക്തമാക്കി.

അതേസമയം തന്റെ സാന്നിദ്ധ്യത്തില്‍ പരാതിക്കാര്‍ മോന്‍സണിന് പണം കൈമാറിയെന്ന് പറയുന്നത് ശരിയല്ലെന്നും തന്റെ സാന്നിദ്ധ്യത്തില്‍ ആരും പണം കൈമാറ്റം നടത്തിയിട്ടില്ലെന്നും ഡി ഐ ജി പറഞ്ഞു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുക്കള്‍ വിദേശത്ത് വിറ്റതിലൂടെ ലഭിച്ച കോടികള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇത് നിയമപോരാട്ടത്തിലൂടെ സ്വന്തമാക്കാന്‍ സഹായിച്ചാല്‍ 25 കോടി രൂപ പലിശരഹിത വായ്പ നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ ആറ് പേരെ മൂന്നു വര്‍ഷത്തോളം വട്ടംകറക്കിയത്.

കോഴിക്കോട് സ്വദേശി യാക്കോബ് പാറയില്‍, അനൂപ് വി അഹമ്മദ്, സലിം എടത്തില്‍, എം ടി ഷമീര്‍, സിദ്ദീഖ് പുറായില്‍, ഷിനിമോള്‍ എന്നിവരുടെ പരാതിയിലാണ് ചേര്‍ത്തല വല്ലിയില്‍ വീട്ടില്‍ മോന്‍സണിനെ ക്രൈംബ്രാഞ്ച് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തതത്. കൂട്ടാളികളായ നാലു പേരും കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.