LOADING

Type to search

ധീരജിനെ കുത്തിയ കത്തി തേടി പൊലീസ്; നിഖില്‍ പൈലിയുടെ മൊഴി പ്രകാരം തെരച്ചില്‍ തുടരും

Kerala

തൊടുപുഴ>> ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ കുത്തിയ കത്തി കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും. കേസിലെ നിര്‍ണായക തെളിവായ കത്തി ഇന്നലെ നടത്തിയ തെരച്ചിലിലും കണ്ടെത്താനായിരുന്നില്ല. രക്ഷപ്പെടുന്നതിനിടെ ഇടുക്കി കളക്ടറേറ്റിനു മുന്നിലുള്ള വനമേഖലയില്‍ കത്തി ഉപേക്ഷിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി പൊലീസിനോട് പറഞ്ഞിരുന്നത്. ഈ ഭാഗത്ത് ഇന്നും തെരച്ചില്‍ നടത്താനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം, റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ കേസിലെ മൂന്നു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജിതിന്‍ ഉപ്പുമാക്കല്‍, ടോണി തേക്കിലക്കാടന്‍, നിതിന്‍ ലൂക്കോസ് എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുക. നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ മറ്റന്നാളാണ് ഹാജരാക്കേണ്ടത്. കേസില്‍ അറസ്റ്റിലായ കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സോയ്മോന്‍ സണ്ണി, കട്ടപ്പന സ്വദേശി അലന്‍ ബോബി എന്നിവരെയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് – കെഎസ്യു നേതാക്കളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ സോയ്മോന്‍ സണ്ണിയാണ് കേസില്‍ ഏറ്റവുമൊടുവില്‍ അറസ്റ്റിലായത്. ചെലച്ചുവട്ടിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.