ധീരജിന്റെ കൊലപാതകം: കോണ്‍ഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകര്‍ത്തു; സംഘര്‍ഷം തുടരുന്നു

-

തിരുവനന്തപുരം>> ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നും സംഘര്‍ഷം. പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകളും മറ്റും തകര്‍ത്തു. പ്രതിഷേധ പ്രകടനത്തിന്റെ ഇടയിലാണ് അക്രമം നടന്നത്.

ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ബൈക്കിലെത്തിയ സംഘം അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പരാതികളില്‍ അന്വേഷണം നടത്താന്‍ ഡോ എല്‍പി രമ കണ്‍വീനറും ഡോ അബ്ദുല്‍ ലത്തീഫ്, വിശ്വമ്മ പിഎസ് എന്നിവര്‍ അംഗങ്ങളുമായി കമ്മീഷനെ നിയമിച്ചു.

അടൂര്‍ എഞ്ചിനിയറിങ്ങ് കോളെജിലെ കെഎസ് യു കൊടിമരം പ്രകടനമായെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്തു. വടകര എംയുഎം സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി. പഠിപ്പ് മുടക്ക് സമരം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് കെഎസ്യു മാര്‍ച്ച് നടത്തി. തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാര്‍ ഹോസ്റ്റലിലുണ്ടെന്ന് പറഞ്ഞായിരുന്നു മാര്‍ച്ച്. എന്നാല്‍ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →