യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

രാജി ഇ ആർ -

ഇടുക്കി>>>യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യ ദേവികയെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുങ്കണ്ടം എംഇഎസ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ദേവിക. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാത്രിയില്‍ ശുചിമുറിയില്‍ പോയ ഭാര്യ തിരികെ എത്താന്‍ വൈകിയതോടെ നടത്തിയ തെരച്ചിലിലാണ് ദേവികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് അര്‍ജുന്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ മരണത്തില്‍ ദുരൂഹതയുളളതായി ദേവികയുടെ ബന്ധുക്കള്‍ ആരോപിച്ചു. മൂന്നര വയസുള്ള ഒരു മകനുണ്ട് ഇവര്‍ക്ക്.

സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ വീട്ടിലെത്തി പരിശോധന നടത്തി. മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി വ്യക്തമാക്കി.