രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ഡെൽറ്റാ വൈറസ് മൂലം

രാജി ഇ ആർ -

ന്യൂഡൽഹി>>>ഇന്ത്യയിൽ കോവിഡ് 19 കേസുകളിൽ ഭൂരിഭാഗവും സാർസ് കോവ്-2 വിൻറെ ഡെൽറ്റാ വകഭേദം മൂലമാണെന്നും മറ്റു വകഭേദം മൂലമുള്ള രോഗവ്യാപനം കുറവാണെന്നും ഐഎൻഎസ്എസിഒജി. ഡെൽറ്റാ വകഭേദത്തേക്കാൾ രോഗവ്യാപന ശേഷിയുള്ള പുതിയ വൈറസ് വകഭേദം നിലവിൽ കണ്ടെത്തിയിട്ടില്ല.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച സാന്പിളുകളിൽ ഡെൽറ്റ വൈറസിൻറെ സാന്നിധ്യമാണ് കാണുന്നത്. രോഗവ്യാപനശേഷി കൂടുതലുള്ള ഡെൽറ്റ വകഭേദത്തിൻറെ സാന്നിധ്യം ലോകത്തും പ്രത്യേകിച്ച് തെക്കു കിഴക്കൻ ഏഷ്യയിലും വർധിച്ചുവരുകയാണെന്നും ജനിതക ഘടനാ ഗവേഷണത്തിലുള്ള സർക്കാർ പാനലിൻറെ കൺസോഷ്യമായ ഐഎൻഎസ്എസിഒജി പറഞ്ഞു.

ഇന്ത്യയിൽ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കോവിഡ് രണ്ടാം തരംഗത്തിനു കാരണം ഡെൽറ്റ വകഭേദമാണ്. വൻതോതിൽ വാക്‌സിൻ നൽകുകയും പൊതുജനാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത സിംഗപ്പൂർ ഡെൽറ്റാ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.

വാക്‌സിൻ എടുത്തശേഷം ഡെൽറ്റ വകഭേദം മൂലം രോഗമുണ്ടായവരിൽ 9.8 ശതമാനം പേർക്കു മാത്രമാണ് ആശുപത്രി ചികിത്സ ആവശ്യമായിവന്നത്. മരണ നിരക്ക് 0.4 ശതാനം മാത്രമാണെന്നും ഐസിഎംആർ പഠനത്തിൽ പറയുന്നു.