പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവം: വിദഗ്ധ സംഘം അന്വേഷണമാരംഭിച്ചു

കൊല്ലം >>ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വിദഗ്ധ സംഘം അന്വേഷണമാരംഭിച്ചു. ആശുപത്രിയിലെ ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മരിച്ച യുവതിയുടെ ബന്ധുക്കള്‍.

പ്രസവത്തെ തുടര്‍ന്ന് ആയിരംതെങ്ങു സ്വദേശിയായ ചാന്ദന വിനോദ് എന്ന 27കാരി മരിച്ച സംഭവത്തിലാണ് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം, പാരിപ്പള്ളി എന്നീ മെഡിക്കല്‍ കോളജുകളിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്നതാണ് വിദഗ്ധസംഘം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ചികിത്സ സംബന്ധിച്ച ആശുപത്രിയിലെ രേഖകളും വിദഗ്ധ സംഘം പരിശോധിച്ചു.

തങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രി അധികൃതര്‍. ആശുപത്രിയുടെ വിശദീകരണം അതേപടി അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് ആകുകയും ചെയ്തു. വിശദമായ അന്വേഷണത്തിന് ശേഷമാകും തുടര്‍ നടപടി.

കഴിഞ്ഞ ദിവസമാണ് പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തില്‍ യുവതി മരിച്ചത്. യുവതിക്ക് ചികിത്സ നല്‍കാന്‍ വൈകിയെന്നും ജൂനിയര്‍ ഡോക്ടര്‍മാരാണ് പരിശോധിച്ചത് എന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →