സ്ത്രീയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; സഹോദരീഭര്‍ത്താവ് കസ്റ്റഡില്‍

-

കുണ്ടറ >>ഭര്‍ത്താവുമായി പിണങ്ങി അമ്മയോടും സഹോദരിയോടുമൊപ്പം താമസിച്ചുവന്ന സ്ത്രീയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരയം മമത നഗര്‍, ഷീബാഭവനില്‍ രാധിക(52)യാണ് മരിച്ചത്. പ്രതിയെന്നു സംശയിക്കുന്ന സഹോദരീഭര്‍ത്താവ് ലാല്‍കുമാറിനെ (48) കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് പറയുന്നത്: വിവാഹമോചനത്തിനുശേഷം സഹോദരിയോടും അമ്മയോടുമൊപ്പം കഴിഞ്ഞുവരികയായിരുന്നു രാധിക. ഇവര്‍ക്ക് മക്കളില്ല. രാധിക മുളവന സ്വദേശിയായ 32കാരനായ പ്രവീണുമായി അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള പ്രായവത്യാസം കുടുംബത്തിന് ഉള്‍ക്കൊള്ളാനായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച വീടിനുസമീപം പ്രവീണ്‍ രാധികയുമായി സംസാരിച്ചുനില്‍ക്കുന്നത് രാധികയുടെ സഹോദരി കണ്ടു. ഇവരുമായി വാക്കേറ്റമുണ്ടാകുകയും പ്രവീണ്‍ മര്‍ദിക്കുകയും ചെയ്തു. അടുത്തദിവസം രാധികയും പ്രവീണും സമീപത്തെ ക്ഷേത്രത്തില്‍വെച്ച് വിവാഹിതരായി.
ഇതിനിടെ തന്നെ ആക്രമിച്ചതിന് രാധികയുടെ സഹോദരി കുണ്ടറ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച പോലീസ് പ്രവീണിനെ പിടികൂടി കേസെടുത്ത് റിമാന്‍ഡ് ചെയ്തു. ഷീബാഭവനം വീട് രാധികയുടെ പേരില്‍ എഴുതിനല്‍കിയിരുന്നു. രാധികയുടെ സഹോദരിയും പ്രവീണുമായുണ്ടായ വഴക്കിനുശേഷം സഹോദരിയും ഭര്‍ത്താവും വീട്ടില്‍നിന്ന് ഇറങ്ങണമെന്ന് രാധിക ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കുടുംബാംഗങ്ങള്‍തമ്മില്‍ വാക്കേറ്റമുണ്ടായി. കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ രാധികയും ലാല്‍കുമാറും മാത്രമാണുണ്ടായിരുന്നത്. രാധികയുടെ സഹോദരിയും അമ്മയും വൈകീട്ട് പുറത്തുപോയിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രാധികയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →