LOADING

Type to search

അവിനാശി റോഡില്‍ വണ്ടികള്‍ കയറി ഇറങ്ങി ചതഞ്ഞരഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത

Latest News Local News News


കോയമ്പത്തൂര്‍>>>അവിനാശി റോഡില്‍ വണ്ടികള്‍ കയറി ഇറങ്ങി ചതഞ്ഞരഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഇവര്‍ റോഡ് മുറിച്ചു കടക്കുമ്‌ബോള്‍ വണ്ടിയിടിച്ചതാണോ അതോ കാറില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. വണ്ടികള്‍ കയറി ചതഞ്ഞരഞ്ഞതിനാല്‍ മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല.

തിങ്കളാഴ്ച രാവിലെ ആറോടെയാണു ചിന്നിയംപാളയത്ത് സ്വകാര്യ ആശുപത്രിക്കു സമീപം 65 വയസ്സു തോന്നിക്കുന്ന സ്ത്രീയുടെ അര്‍ധനഗ്ന മൃതദേഹം കണ്ടെത്തിയത്. പല വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ മുഖവും ശരീരത്തിന്റെ പല ഭാഗങ്ങളും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. ഒരു കാര്‍ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നു ലഭിച്ചു. കാറില്‍നിന്ന് രണ്ട് പേര്‍ ഇറങ്ങുന്നതും സമീപത്തു ചെന്നു നോക്കിയശേഷം വീണ്ടും കാറില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

തിരുവള്ളൂര്‍ ഭാഗത്തുള്ള വാഹനമാണെന്നും എയര്‍പോര്‍ട്ട് റോഡിലൂടെ പോയി മടങ്ങിയെന്നും കണ്ടെത്തിയതായി പൊലീസ് പറയുന്നു. സ്ത്രീയെ കാറില്‍നിന്നു തള്ളിയിട്ടതോ റോഡിലൂടെ നടന്നുപോയ സ്ത്രീ കാറിടിച്ചു വീണ ശേഷം മറ്റു വാഹനങ്ങള്‍ കയറിയിറങ്ങിയതോ ആകാമെന്നു സംശയിക്കുന്നു. സ്ത്രീയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങളില്‍ കാറിന്റെ ഡോറുകള്‍ അടഞ്ഞ നിലയിലാണ്. വാഹനത്തിലോ മറ്റെവിടെയെങ്കിലും വച്ചോ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിച്ചിരുന്നു.

അതേസമയം, അപകടമരണമെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരിച്ചയാളുടെ സാരിയും മറ്റു വസ്ത്രങ്ങളും സമീപത്തുനിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട കാറിന്റെ പിന്നാലെയെത്തിയ ഓട്ടോറിക്ഷയുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.