കുടുംബവഴക്കിനെ തുടര്‍ന്നു ഭാര്യ തൂങ്ങിമരിച്ചു; പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

രാജി ഇ ആർ -

ആലപ്പുഴ>>> കുടുംബവഴക്കിനെ തുടര്‍ന്നു ജീവനൊടുക്കാന്‍ ശ്രമിച്ച ഭാര്യയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടിലെത്തിയ ഭര്‍ത്താവും ആത്മഹത്യ ചെയ്തു. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45), ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം.

വീട്ടുവഴക്കിനെ തുടര്‍ന്നു വീട്ടിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ആശുപത്രിയിലെത്തിയ സന്തോഷ് ഭാര്യ മരിച്ചതറിഞ്ഞ് വീട്ടില്‍ തിരികെയെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

സന്തോഷിന്റെ മദ്യപാനവും തുടര്‍ന്നുണ്ടായ വഴക്കുമാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സന്തോഷ് ടൈല്‍ ജോലിക്കാരനാണ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകയായിരുന്നു. മക്കള്‍: സങ്കീര്‍ത്ത്, സഞ്ജിത്ത്.