തൃശൂര്‍>>> ലോട്ടറിയടിച്ചെന്നും സമ്മാനങ്ങള്‍ അയച്ചുതരാമെന്നും പറഞ്ഞുളള സൈബര്‍ തട്ടിപ്പുകളില്‍ വീഴാതായതോടെ ഭീഷണിയും പ്രലോഭനങ്ങളും വഴി പണം തട്ടിയെടുക്കുന്നതും വ്യാപകമാകുന്നു. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആക്കും, കെ.വൈ.സി അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് നഷ്ടപ്പെടും എന്നൊക്കെയുളള സന്ദേശങ്ങള്‍ അയച്ച്, നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പറഞ്ഞു നല്‍കുകയോ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് അദ്ധ്വാനിച്ച് സ്വരുക്കൂട്ടിയ നിക്ഷേപങ്ങളാകും. ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് ഇത്തരം തട്ടിപ്പുകളേറെയെന്ന് സൈബര്‍ പൊലീസ് പറയുന്നു. എന്നാല്‍ മാനഹാനി ഓര്‍ത്ത് പലരും പരാതി നല്‍കുന്നില്ല. അത് തട്ടിപ്പുകാര്‍ക്ക് വളമാകുകയും ചെയ്യുന്നു.
ആള്‍മാറാട്ടം വഴിയുളള തട്ടിപ്പുകളും കൂടുകയാണ്. അടുത്തറിയുന്ന വ്യക്തി അല്ലെങ്കില്‍ സുഹൃത്ത് എന്ന നിലയില്‍ ഫേസ്ബുക്കിലും വാട്ട്സാപ്പിലും സന്ദേശമയച്ചാണ് ഇത്തരം തട്ടിപ്പുകളേറെയും. രണ്ടാമതൊന്ന് ആലോചിക്കാതെ അത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ ടെലിഫോണിലൂടെ സംസാരിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്താല്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തും. പണം തട്ടിയെടുക്കുകയും ചെയ്യും.
ലോട്ടറിയടിച്ചെന്നും റിവാര്‍ഡ് പോയിന്റുകള്‍ ലഭിച്ചെന്നും വിദേശത്തുനിന്നും അനാഥമായ കോടിക്കണക്കിനു രൂപ നിങ്ങളെത്തേടിയെത്തും, വിദേശ സുഹൃത്തിന്റെ സമ്മാനം എന്നിങ്ങനെയുളള സന്ദേശങ്ങളായിരുന്നു തട്ടിപ്പുകളുടെ ആദ്യത്തെ രീതികള്‍. അത്തരം ഇ മെയില്‍, എസ്.എം.എസ് സന്ദേശങ്ങളോട് പ്രതികരിച്ചാലും ചെറിയ തുകകളായി പണം തട്ടിയെടുക്കും.
വഴി അടയുമ്ബോള്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുന്നതാണ് തട്ടിപ്പുകാരുടെ പൊതുസ്വഭാവം. ചെറിയ മുതല്‍മുടക്കില്‍ വന്‍ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിന്‍ തട്ടിപ്പുകളും ഈയിടെ തുടങ്ങിയിട്ടുണ്ട്. സാമൂഹികമാദ്ധ്യമങ്ങള്‍ പ്രചാരണത്തിന് സഹായകമാകുമെന്നതിനാല്‍ ഇവരുടെ തട്ടിപ്പ് വേഗം ഫലം കാണുകയും ചെയ്യും. ചെറിയതുക ഇതില്‍ നിക്ഷേപിക്കുന്നതോടെ മണിചെയിനില്‍ അംഗമാകും. പത്ത് കണ്ണികളെ ചേര്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ കിട്ടുമെന്നും തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യും. ചെറിയ മുതല്മുടക്കായതിനാല് സാധാരണക്കാര്‍ എളുപ്പം വലയിലാകും. ഒടുവില്‍ ചില്ലിക്കാശുപോലും കിട്ടില്ല.
എങ്ങനെ സുരക്ഷിതരാകാം?
മൊബൈല്‍ ഫോണിലും സാമൂഹിക മാദ്ധ്യമങ്ങളിലും വരുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക
ഓണ്‍ലൈന്‍ പണമിടപാടുകള്‍ സുരക്ഷിതമായ പ്ലാറ്റ്ഫോമിലൂടെ മാത്രം നിര്‍വഹിക്കുക
ബാങ്കിംഗ് കാര്യങ്ങള്‍ക്ക് ഓണ്‍ലൈന്‍ സെര്‍ച്ച് എന്‍ജിനുകള്‍ക്കു പകരം ബാങ്ക് ശാഖയെ നേരില്‍ സമീപിക്കുക
ഓണ്‍ലൈന്‍ ഇടപാടുകളിലെ തട്ടിപ്പുകള്‍ ഉടന്‍ തന്നെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുക
കേരളാ പൊലീസിന്റെ ഹെല്‍പ്പ് ലൈന്‍ സമയം: 24 മണിക്കൂര്‍
ഹെല്‍പ്പ് ലൈന്‍ നമ്ബര്‍: 155260
Follow us on