പതിനഞ്ചുകാരി സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു

രാജി ഇ ആർ -

മുംബയ്: പഠനകാര്യവുമായി ബന്ധപ്പെട്ട് നിരന്തരം ഉപദേശിച്ചുകൊണ്ടിരുന്ന അമ്മയെ ഒടുവില്‍ മകള്‍ കഴുത്തു ഞെരിച്ചു കൊന്നു. മുംബയില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ പാസായ മകളെ മെഡിസിന്‍ പഠനത്തിന് അയയ്ക്കാനായിരുന്നു അമ്മയ്ക്കു താത്പര്യം.

എന്നാല്‍ ഇതിനു താത്പര്യം ഇല്ലാതിരുന്ന മകള്‍ അമ്മയുമായി നിരന്തരം വാഗ്വാദങ്ങള്‍ ഉണ്ടാക്കുമായിരുന്നുവെന്ന് മുംബൈ പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം അമ്മയ്ക്കെതിരെ പൊലീസില്‍ പരാതി കൊടുക്കാന്‍ വരെ പതിനഞ്ചുകാരിയായ മകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ പൊലീസ് പെണ്‍കുട്ടിയേയും മാതാപിതാക്കളെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഉപദേശിച്ച് അയയ്ക്കുകയായിരുന്നു ചെയ്തത്.


എന്നാല്‍ അതിനു ശേഷവും അമ്മ മകളെ മെഡിസിന്‍ പഠനത്തിനു പോകുന്നതിനു നിര്‍ബന്ധിക്കുന്നത് പതിവായിരുന്നു. തുടര്‍ന്ന് ഒരു ദിവസം അമ്മയും മകളും തമ്മില്‍ ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടാകുകയും മകള്‍ അമ്മയെ പിടിച്ച് തള്ളുകയും ചെയ്തു. തലയിടിച്ചു വീണ് ബോധം നഷ്ടപ്പെട്ട അമ്മയെ അപ്പോഴത്തെ ദേഷ്യത്തില്‍ കരാട്ടെ ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് മകള്‍ സമ്മതിച്ചു.

കൊലപാതകത്തിനു ശേഷം ആത്മഹത്യ ആണെന്ന് വരുത്തിതീര്‍ക്കുന്നതിനു വേണ്ടി അമ്മയുടെ ഫോണില്‍ നിന്ന് ബന്ധുവിനെ വിളിച്ച് തന്നെ തന്റെ അമ്മ മുറിയില്‍ അടച്ചിട്ടിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ച നടന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് പുറം ലോകം അറിയുന്നത്. പെണ്‍കുട്ടിയെ ഉടന്‍ തന്നെ ജുവനൈല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.