തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം;ആയുധവുമായി അതിക്രമിച്ച് കയറല്‍,ഭീഷണി മുഴക്കല്‍

തിരുവനന്തപുരം>>തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളില്‍ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണി മുഴക്കി.

കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പിടികിട്ടാപ്പുള്ളിയായ ഷാനുവെന്ന് വിളിക്കുന്ന ഗുണ്ട ഷാനവാസിന്റെ നേതൃത്വത്തിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ നിരവധി വീടുകളില്‍ സംഘം ഭീഷണി മുഴക്കിയതായി പോലീസിന് പരാതി ലഭിച്ചു. മംഗലപുരം പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

നിരവധി വീടുകളില്‍ ആയുധവുമായി അതിക്രമിച്ച് കയറി സംഘം ഭീഷണിമുഴക്കിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ട് വീട്ടുകാരാണ് മംഗലപുരം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഒരു വീട്ടില്‍ കയറി അമ്മയുടേയും കുട്ടിയുടേയും കഴുത്തില്‍ കത്തിവെച്ച ശേഷമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. എന്നാല്‍ ഈ വീട്ടുകാര്‍ പരാതി നല്‍കിയിട്ടില്ല. കുറച്ചുനാള്‍ മുന്‍പ് പള്ളിപ്പുറത്തെ ഒരു മൊബൈല്‍ ഷോപ്പില്‍ കയറി അന്യസംസ്ഥാന തൊഴിലാളിയെ യാതൊരു പ്രകോപനവുമില്ലാതെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഷാനവാസ്.

ഇന്നലെ അതിക്രമം കാണിച്ച വീടുകളിലെ ആരുമായും ഷാനവാസിന് ഒരു തരത്തിലുള്ള വ്യക്തവൈരാഗ്യമോ മുന്‍പ് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ നടന്നതായി പ്രാഥമികമായി വിവരമില്ല. വീടുകളുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്താണ് അതിക്രമം കാട്ടിയത്. വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും വാതില്‍ തുറക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന് പരാതി നല്‍കിയ വീട്ടുടമകളില്‍ ഒരാള്‍ പറയുന്നു.

നിരവധി വീടുകളില്‍ എത്തി അതിക്രമം കാണിച്ചെങ്കിലും രണ്ട് വീട്ടുകാര്‍ മാത്രമാണ് പോലീസില്‍ പരാതി നല്‍കിയത്. മറ്റ് വീട്ടുകാര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. അതിക്രമത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും കുട്ടികളുള്‍പ്പെടെ ഭീതിയിലാണ്. പരാതി നല്‍കിയാല്‍ ഷാനവാസും സംഘവും പ്രതികാരവുമായി വീണ്ടും എത്തുമോ എന്നു ഭയന്നാണ് പരാതി നല്‍കുന്നതില്‍ നിന്ന് പലരും വിട്ട് നില്‍ക്കുന്നത്. കുട്ടിയുടേയും അമ്മയുടേയും കഴുത്തില്‍ കത്തിവെച്ച വീട്ടുകാരുടെ പരാതി എഴുതി വാങ്ങാനും മൊഴി രേഖപ്പെടുത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.

ഗുണ്ട ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ സംസ്ഥാനത്ത് ഗുണ്ടകളേയും ലഹരി മാഫിയയേയും അമര്‍ച്ച ചെയ്യാന്‍ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമാണ് പുതിയ സ്‌ക്വാഡിന്റെ നോഡല്‍ ഓഫീസര്‍. എല്ലാ ജില്ലകളിലും സ്‌ക്വാഡ് ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. മയക്ക് മരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്വക്വാഡ്. സ്വര്‍ണ്ണകടത്ത് തടയാന്‍ ക്രൈംബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം. ഇതിന് പുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകളടക്കം പൊലീസ് നിരീക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഗുണ്ടകള്‍ – ലഹരി മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനം, സാമ്ബത്തിക ഇടപാട്, ഇവരുടെ ബന്ധങ്ങള്‍ എന്നിവ പരിശോധിക്കുകയാണ് പുതിയ സംഘത്തിന്റെ ചുമതല. ഗുണ്ടാക്കുടിപ്പകയും കൊലപാതങ്ങളും ഒഴിവാക്കാനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതും പുതിയ സംഘത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജില്ലകളിലും ഗുണ്ടാ വിരുദ്ധ സ്‌ക്വാഡുകള്‍ മുമ്ബ് പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവികള്‍ സ്‌ക്വാഡുകള്‍ പിരിച്ചുവിടുകയായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →