നഗരത്തില്‍ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; മണിക്കൂറുകള്‍ക്കുള്ളില്‍ അക്രമി സംഘത്തിലെ 9 പേരെ പിടികൂടി പൊലീസ്

web-desk -

കരുനാഗപ്പള്ളി>>>നഗരത്തില്‍ യുവാവിനെ ആളുമാറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമി സംഘത്തിലെ 9 പേരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാല്‍ ( 26 )നെ ചൊവ്വാഴ്ച രാത്രി കരുനാഗപ്പള്ളി, എസ് ബിഎം ഹോസ്പിറ്റലിന് എതിര്‍വശത്തുവച്ച് നെഞ്ചത്തും തുടയിലും തലയിലും കഠാര കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച 10 പേര്‍ അടങ്ങുന്ന അക്രമിസംഘത്തിലെ 9 പേരെയാണ് കരുനാഗപ്പള്ളി മണിക്കൂറുകള്‍ക്കുള്ളില്‍ കീഴടക്കിയത്.

കരുനാഗപ്പള്ളി, കോഴിക്കോട്, പുതുക്കാട്ട് വടക്കതില്‍ അസ്ലം ( 24 ), കോഴിക്കോട്, പീടികയില്‍ വീട്ടില്‍ സുഹൈല്‍ ( 23 ), കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് കോട്ടതറയില്‍, ഹിലാല്‍ ( 21 ), മരുതൂര്‍കുളങ്ങര തെക്ക്, കണിയാമ്ബറമ്ബില്‍ മുഹമ്മദ് ഉനൈസ് ( 21 ), മരുതൂര്‍കുളങ്ങര തെക്ക് മാന്‍നിന്ന വടക്കതില്‍ കൊച്ചല്‍ത്താഫ് എന്നു വിളിക്കുന്ന അല്‍ത്താഫ് ( 21 ), കോഴിക്കോട് തട്ടേത്ത് വീട്ടില്‍ സച്ചു എന്നു വിളിക്കുന്ന അഖില്‍ ( 23 ), കരുനാഗപ്പള്ളി കോഴിക്കോട് തട്ടേത്ത് വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന രാഹുല്‍ ( 28 ), മരുതൂര്‍കുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടില്‍ അരുണ്‍ ( 19 ), മരുതൂര്‍കുളങ്ങര തെക്ക്, കന്നേലില്‍ വീട്ടില്‍ അഖില്‍ ( 19 ) എന്നിവരെയാണ് അറസ്റ്റ് ചെയ്യത്.

ഈ കേസ്സിലെ രണ്ടാം പ്രതിയായ സുഹൈല്‍ എന്നയാളുടെ കാമുകിയെ കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനിലുള്ള ഹഫീസ് എന്നയാള്‍ ഫോണ്‍ ചെയ്തു എന്നതിലുള്ള വിരോധത്തില്‍ ഹഫീസിനെ അക്രമിച്ച് പരിക്കേല്‍പിക്കാനായി സുഹൈല്‍ തന്റെ കൂട്ടാളികളായ പത്തുപേര്‍ അടങ്ങുന്ന സംഘവുമായി തീരുമാനിച്ച് ഉറപ്പിച്ച ശേഷം കരുനാഗപ്പള്ളി ജംഗ്ഷനില്‍ സര്‍വ്വീസ് സഹകരണ ബാങ്കിനു സമീപത്തുകൂടി പടിഞ്ഞാറോട്ട് പോകുന്ന വഴിയുടെ സമീപം കഠാര , ക്രിക്കറ്റ് സ്റ്റംബ് , ഇരുമ്ബ് പൈപ്പ് എന്നിവയുമായി കാത്തു നില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുത്തേറ്റ ബിലാല്‍ തന്റെ സുഹൃത്തുക്കളായ അഫ്സല്‍, അലി എന്നിവരുമൊത്ത് സമീപത്തെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചു ബൈക്കില്‍ തിരിച്ചുവരവെ ഇവരെ കാത്തു നിന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി ഹഫീസാണെന്നു തെറ്റിദ്ധരിച്ച് സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ വലതു തുടയ്ക്കും നെഞ്ചിനും തലയ്ക്കും കുത്തേറ്റ ബിലാല്‍ ബോധരഹിതനായി വീഴുകയായിരുന്നു. ബിലാലിനോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളേയും സംഘം അക്രമിച്ചു പരിക്കേല്‍പിച്ചു.

ഇതിനുശേഷം വാഹനങ്ങളില്‍ അക്രമിസംഘം സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.റോഡില്‍ ചോരയില്‍ കുളിച്ചുകിടന്ന ബിലാലിനെ പോലീസ് കണ്‍ട്രോള്‍റൂം വാഹനത്തിലാണ് ആദ്യം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യആശുപത്രിയിലേക്കും എത്തിച്ചത്. മാരകമായി പരിക്കേറ്റ ബിലാല്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പ്രതികള്‍ കായംകുളം, ശാസ്താംകോട്ട, മയ്യാനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, കരുനാഗപ്പള്ളി എസിപി ഷൈനു തോമസിന്റെ നിര്‍ദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ മാരായ ജയശങ്കര്‍,വിനോദ്, ധന്യ , അലോഷ്യസ് അലക്സാണ്ടര്‍, രാജേന്ദ്രന്‍,എ എസ് ഐമാരായ ഷാജിമോന്‍ , ശ്രീകുമാര്‍, നന്ദകുമാര്‍ ,സിപിഒ മാരായ ശ്രീകാന്ത് , ശ്രീജിത്ത് , അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വിവിധ ഇടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തത് . അറസ്റ്റിലായ ഹിലാല്‍ നേരത്തെ മോഷണകേസ്സിലും അടിപിടി കേസ്സിലും പ്രതിയാണ്.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.