ജാതി പറഞ്ഞ് സി.പി.എം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം; മുന്‍ ദേവികുളം എംഎല്‍എയ്ക്ക് എതിരെ അന്വേഷണം

രാജി ഇ ആർ -

ഇടുക്കി>>> ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണം. ദേവികുളത്ത് ജാതി അടിസ്ഥാനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമം നടത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജേന്ദ്രനെതിരെ അന്വേഷണം നടത്തുന്നത്. സിപിഎം ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വര്‍ഗീസ്, പി എന്‍ മോഹനന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.

ദേവികുളം മണ്ഡലത്തില്‍ ജാതി അടിസ്ഥാനത്തില്‍ രാജേന്ദ്രന്‍ വിഭാഗീയതയ്ക്ക് ശ്രമിച്ചു എന്നതാണ് പ്രധാന ആരോപണം. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ആയ എ രാജയെ വെട്ടി സ്ഥാനാര്‍ത്ഥി ആകാന്‍ കുപ്രചരണങ്ങള്‍ നടത്തി എന്നും ആരോപണമുണ്ട്.

സ്ഥാനാര്‍ഥിത്വം നഷ്ടമായതോടെ എസ് രാജേന്ദ്രന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അട്ടിമറി ഭീഷണി ഉണ്ടായിരുന്നതിനാല്‍ സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ നേരിട്ട് തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. ശക്തമായ പ്രചാരണത്തിലൂടെ 7848 വോട്ടിന്റെ ഭൂരിപക്ഷമാണ് പുതുമുഖമായ എ രാജയ്ക്ക് ലഭിച്ചത്.

എന്നാല്‍ മറയൂരില്‍ എ രാജ 700 വോട്ടുകള്‍ക്ക് പിന്നിലായിരുന്നു. കാന്തലൂര്‍, വട്ടവട, മൂന്നാര്‍ പഞ്ചായത്തുകളിലും എല്‍ ഡി എഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല. അതിനാല്‍ തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ എസ് രാജേന്ദ്രന്‍ കാലുവാരിയോ എന്ന് അന്വേഷണ കമ്മിഷന്‍ പരിശോധിക്കും.

ഏരിയ കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രന്‍, എ രാജ, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് എന്നിവരില്‍ നിന്നും അന്വേഷണ കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിക്കും.

2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ദേവികുളം എംഎല്‍എ ആയ രാജേന്ദ്രന്‍ ഇത്തവണയും മത്സര രംഗത്ത് ഉറപ്പിച്ചിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമാണ് രാജേന്ദ്രന് തിരിച്ചടിയായത്.