തെരഞ്ഞെടുപ്പ് തോല്‍വി: അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കോട്ടയം സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

കോട്ടയം >>സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പാലാ, കടുത്തുരുത്തി നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കെതിരെ വിമര്‍ശനം. തോല്‍വികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും തോല്‍വിക്ക് ഉത്തരവാദികള്‍ ആരെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ലെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം വ്യക്തത നല്‍കണമെന്നാണ് യോഗത്തിലുയര്‍ന്ന ആവശ്യം. കോട്ടയം മണ്ഡലത്തില്‍ ജയിക്കാമായിരുന്നുവെന്നും അവിടെ സംഘടനാപരമായ വീഴ്ച ഉണ്ടായെന്നുമാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് പരാജയത്തിലെ കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും സമ്മേളനത്തിലുണ്ടായി.

അതേ സമയം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ കൂടെക്കൂട്ടിയത് പാര്‍ട്ടിക്ക് ഗുണകരമായെന്നാണ് ജില്ലാ സമ്മേളനത്തിലെ വിലയിരുത്തല്‍. കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാന്‍ സാധിച്ചത് ജില്ലയിലാകെ പാര്‍ട്ടിക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്തെ വിവാദമായ മെഗാ തിരുവാതിരക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തിരുവാതിര നടത്തിയ സമയം ശരിയായില്ലെന്ന നിലപാടിലാണ് പ്രതിനിധികള്‍.

കോട്ടയം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ 200 പേര്‍ മാത്രമാണ് പങ്കെടുക്കുന്നത്. മെഗാ തിരുവാതിര വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാന്‍ ജില്ലാ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായുള്ള ചടങ്ങുകളിലെല്ലാം ആളുകളെ പരമാവധി കുറച്ചിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →