സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് മുതല്‍

-

പാലക്കാട്>>സിപിഎം പാലക്കാട് ജില്ലാ സമ്മേളത്തിന് ഇന്ന് തുടക്കമാവും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കീഴ്ഘടകങ്ങളിലെ വിഭാഗീയതയും സഹകരണബാങ്ക് അഴിമതിയും ജില്ലാ സമ്മേളനത്തില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നതിനാല്‍ ജില്ലയ്ക്ക് പുറത്തേക്കും പാലക്കാട് സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ എത്തുന്നുണ്ട്.

രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്ന് പ്രയാണമാരംഭിച്ച കൊടിമര-പതാക-ദീപശിഖാ ജാഥകള്‍ ഇന്നലെ വൈകിട്ട് പൊതുസമ്മേളനം നടക്കുന്ന കോട്ട മൈതാനത്തെത്തിയതോടെയാണ് പാലക്കാട് ജില്ലാ സമ്മേളന നടപടികള്‍ തുടങ്ങിയത്.

സംഘാടകസമിതി ചെയര്‍മാന്‍ എന്‍ എന്‍ കൃഷ്ണദാസ് പതാക ഉയര്‍ത്തി. പിരായരിയിലെ സമ്മേളന നഗറില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ അവതരപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ രണ്ടു ദിവസം ചര്‍ച്ച നടക്കും. 177 പ്രതിനിധികളും 41 ജില്ലാ കമ്മറ്റി അംഗങ്ങളും സമ്മേളനത്തിന്റെ ഭാഗമാവും..

ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലെ വിഭാഗീയതയും കണ്ണമ്പ്ര, ഒറ്റപ്പാലം സഹകരണബാങ്ക് അഴിമതികളും നേതാക്കള്‍ക്കെതിരായ നടപടികളും ചര്‍ച്ചയായേക്കും. പി കെ ശശി പക്ഷത്തിന്റെ അപ്രമാദിത്വം അംഗീകരിക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചാല്‍ സ്ഥാനമൊഴിയുന്ന ജില്ലാ സെക്രട്ടറിക്ക് പകരക്കാരനായി എന്‍ എന്‍ കൃഷ്ണദാസെത്തിയേക്കും. ജില്ലയിലെ നേതാക്കളുടെ വികാരം പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ വി കെ ചന്ദ്രനോ ഇ എന്‍ സുരേഷ് ബാബുവിനോ നറുക്കുവീഴാം.

സമവായ സാധ്യതയിലാണ് ഒരു പക്ഷത്തുമില്ലാത്ത വി ചെന്താമരാക്ഷന് സാധ്യത കല്‍പ്പിക്കുന്നത്. എ കെ ബാലന്‍, എം ബി രാജേഷ്, എന്നീ നേതാക്കളുടെ ജില്ലാ നേതൃത്വത്തിലെ പിടി ഈ സമ്മേളനത്തോടെ അയയാനുള്ള സാധ്യതയാണുള്ളത്. വെട്ടിനിരത്തലും വിഭാഗീയതയും അവസാനിക്കാതെയാണ് പാലക്കാട് ജില്ലാ സമ്മേളനം ഇന്ന് തുടങ്ങുന്നതെന്നുള്ളതാണ് ശ്രദ്ധേയം. പതിനഞ്ചില്‍ ഒന്‍പത് ഏരിയാ സമ്മേളനങ്ങളിലും കടുത്ത മത്സരമുണ്ടായി.

തൃത്താലയിലും കൊല്ലംകോടും ചെര്‍പ്പുളശേരിയിലും ഏരിയാ സെക്രട്ടറിമാര്‍ തോറ്റു. കോങ്ങാട് എംഎല്‍എ ശാന്തകുമാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോളും ജില്ലാ സമ്മേളന പ്രതിനിധിയാക്കാതെ പുറത്തകുന്ന അവസ്ഥയുമുണ്ടായി. സമ്മേളനം നടക്കുന്ന മൂന്നു ദിവസവുമുള്ള പിണറായിയുടെ സാന്നിധ്യം കീഴ് ഘടകങ്ങളിലെ വിഭാഗീയത ജില്ലാ സമ്മേളനത്തിലേക്ക് വ്യാപിക്കുന്നത് തടയുമെന്ന് ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →