സിപിഎം എറണാകുളം ജില്ലാ സമ്മേളന ത്തിന് ഇന്ന് തുട ക്കം;ചൂടോടെ വിവാദങ്ങള്‍ ചര്‍ച്ചയിലെത്തും

-

കൊച്ചി>>സി.പി.എം. എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററിലെ അഭിമന്യു നഗറാണ് സമ്മേളന വേദി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പത്തിലേറെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയും എടുത്ത ശേഷമാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
വിഭാഗീയത നിറഞ്ഞ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി വിഭാഗീയതയൊട്ടുമില്ലാതെ ഒറ്റക്കെട്ടായാണ് സമ്മേളനത്തിന് തയാറെടുക്കുന്നതെന്നാണ് പാര്‍ട്ടി പറയുന്നത്. എന്നാലും രാഷ്ട്രീയ ചര്‍ച്ചക്കൊപ്പം തിരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയെടുത്ത നടപടിയുള്‍പ്പെടെ നിലവില്‍ പ്രശ്‌നം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വിസി വിവാദവും ചര്‍ച്ചയ്‌ക്കെത്തും. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും പുതുമുഖങ്ങളും ഇടംപിടിക്കും.
ജില്ലാ സെക്രട്ടറിയേറ്റില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ പുഷ്പാ ദാസ് എത്തിയേക്കും. ജില്ലാ കമ്മറ്റിയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ പി എന്‍. ബാലകൃഷ്ണനും സാധ്യതയുണ്ട്. കോതമംഗലം ഏരിയ മുന്‍ സെക്രട്ടറി അനില്‍ കുമാറും ജില്ലാ സെക്രട്ടറിയേറ്റില്‍ എത്തിയേക്കും. കവളങ്ങാട് ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അന്‍ഷാദ് എന്നിവരില്‍ ഒരാള്‍ ജില്ലാ കമ്മറ്റിയില്‍ ഇടം നേടും. സര്‍ക്കാരിന്റെയും, മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയാകും. 16നാണ് സമാപനം. മുഖ്യമന്ത്രിയാണ് സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടകന്‍. സംസ്ഥാന സമ്മേളന വേദിയും എറണാകുളം ആയതിനാല്‍ നേരത്തെയാണ് ജില്ലാ സമ്മേളനം പൂര്‍ത്തിയാകുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →