
കൊച്ചി>>>സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കേരള കോണ്‍ഗ്രസ് (എം) രംഗത്ത്. പുറത്തുവന്ന റിപ്പോര്‍ട്ട് ബാലിശമെന്ന് കോണ്‍ഗ്രസ് (എം) പറഞ്ഞു.
പരാമര്‍ശങ്ങള്‍ സിപിഐ ഔദ്യോഗികമായി നിഷേധിച്ചിട്ടില്ല. അഭിപ്രായങ്ങള്‍ സിപിഐയുടേതല്ലെങ്കില്‍ അത് നിഷേധിക്കാനുള്ള ബാധ്യത നേതൃത്വത്തിനുണ്ടെന്നും കോണ്‍ഗ്രസ് (എം) പറഞ്ഞു.
ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവര്‍ പല തെരഞ്ഞെടുപ്പുകളിലും തോറ്റവരാണ്. കേരള കോണ്‍ഗ്രസിന്റെ സ്വാധീനം അറിയണമെങ്കില്‍ സിപിഐ എംഎല്‍എ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി. പരാജയപ്പെട്ട സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളില്‍ കെട്ടിവയ്ക്കുന്നത് പാപ്പരത്തമാണെന്നും കോണ്‍ഗ്രസ് (എം) വിമര്‍ശിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉന്നതാധികാര സമിതിയിലാണ് സിപിഐക്ക് വിമര്‍ശനം.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ജോസ് കെ മാണിയുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനമുണ്ടായിരുന്നു. ജോസ് കെ മാണി ജനകീയനല്ലെന്നും പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നുമായിരുന്നു വിമര്‍ശനം.
പാലായിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ നിസംഗരായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്തിലെ ഒരു വിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും സിപിഐ കുറ്റപ്പെടുത്തിയിരുന്നു.

Follow us on