കോവിഷീല്‍ഡും കോവാക്സിനും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് അനുമതി

രാജി ഇ ആർ -

ന്യൂഡല്‍ഹി>>> കോവിഡ് വാക്സിനുകളായ കോവാക്സിനും കോവിഷീല്‍ഡും ഇടകലര്‍ത്തി പഠനം നടത്തുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നല്‍കി. തമിഴ്നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കല്‍ പരീക്ഷണവും നടക്കുക.

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതി പഠനം നടത്തുന്നതിനായി ശുപാര്‍ശ നല്‍കിയിരുന്നു. കോവിഡ് വാക്സിനെതിരെ ഒരേ വാക്സിന്‍ രണ്ടു ഡോസ് എടുക്കുന്നതിനെക്കാള്‍ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കിയിരുന്നു.

വെല്ലൂരില്‍ 300 സന്നദ്ധപ്രവര്‍ത്തകരിലാണ് പഠനം നടത്തുക. ഒരു ഡോസ് കോവാക്സിനും രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡും ആണ് കുത്തിവെക്കുക.അതേസമയം രാജ്യത്ത് അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. ഇന്ത്യയില്‍ അനുമതി നല്‍കുന്ന അഞ്ചാമത്തെ കോവിഡ് വാക്സിനാണ് ഇത്.

അപേക്ഷയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷന്‍ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതല്‍ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ എന്ന കമ്ബനിയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ വാക്സിന്‍ വിതരണം ചെയ്യുക.

”രാജ്യത്തിന്റെ വാക്‌സിന്‍ ശേഖരണം വര്‍ധിച്ചിരിക്കുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്ബനിയുടെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നല്‍കി. ഇന്ത്യക്ക് ഇപ്പോള്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ച് ആയി. രാജ്യത്തിന്റെ കോവിഡ് പ്രതിരോധത്തിന് ഇത് വലിയ മുന്നേറ്റം സമ്മാനിക്കും”- മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.