LOADING

Type to search

കോഴിക്കോട് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Latest News Local News News

കോഴിക്കോട്>>>നിപയുമായി ബന്ധപ്പെട്ട് സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നിലവില്‍ സമ്ബര്‍ക്ക പട്ടികയില്‍ 188 പേരാണ് ഉള്ളത്. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുണ്ട്. ഇതില്‍കൂടിയ സമ്ബര്‍ക്കമുള്ള 7 പേരുടെ പരിശോധന ഫലം വൈകിട്ടോടെ കിട്ടും. കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ നിലവില്‍ രോഗ ലക്ഷണങ്ങളുള്ള മൂന്ന് പേരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്നില്ലെന്നും മന്ത്രി പറഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കൂടിയാലോചനകള്‍ ഇന്നും തുടരും.

ഉറവിടം കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. വവ്വാലുകളും, പന്നികളുമാണ് നിപ പ്രധാനമായും പടര്‍ത്തുന്നത്. കുട്ടിയുടെ വീട്ടിലെ വവ്വാലുകളുടെ സാന്നിദ്ധ്യത്തെ കുറിച്ചാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിനായി കേന്ദ്ര സംഘത്തിന്റേയും, മൃഗസംരക്ഷണ, വനം വകുപ്പുകളുടെയും എകോപിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. കുട്ടിയുടെ വീട്ടിലെ ആടിന് രണ്ട് മാസം മുന്‍പ് രോഗം ബാധിച്ചിരുന്നതായി പിതാവ് മൊഴി നല്‍കിയിട്ടുണ്ട്. അത് രോഗത്തിന് കാരണമാണെന്ന് കരുതുന്നില്ല. ആടില്‍ നിന്ന് നിപ രോഗം പകരാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

നിപ പ്രതിരോധം മെഡിക്കല്‍ കോളജിലെ കോവിഡ് ചികിത്സയെ ബാധിക്കില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനത്തിനായി കൂടുതല്‍ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കും. രോഗ നിര്‍ണ്ണയം കാര്യക്ഷമമായി നടത്തുന്നതിന് പൂനെ വൈറോളജി വിഭാഗത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ നിന്നുള്ള സംഘത്തിന്റെ നേത്യത്വത്തില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കായി ഇന്നു വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളില്‍ ഫലം ലഭ്യമാക്കാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രോഗ പ്രതിരോധ പ്രവര്‍ത്തനം എകോപിപ്പിക്കുന്നതിനായി മന്ത്രിമാരായ വീണാ ജോര്‍ജ്, എ.കെ.ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, അഹമ്മദ് എന്നിവര്‍ ജില്ലയില്‍ തുടരും. വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു.

പേ വാര്‍ഡ് ബ്ലോക്കില്‍ താഴെ നിലയില്‍ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളില്‍ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക. കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.