
കോഴിക്കോട്>>> നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്.
എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടരും.
നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരന്റെ റൂട്ട്മാപ്പ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. കുട്ടിക്ക് 188പേരുമായി സമ്പര്‍ക്കമുള്ള സാഹചര്യത്തില്‍ വരുന്ന ഒരാഴ്ച നിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുട്ടിയുടെ അമ്മയ്ക്കുമാണ് രോഗലക്ഷണങ്ങളുള്ളത്.
സമ്ബര്‍ക്കത്തിലുള്ളവരുടെ സാമ്ബിള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വൈകിട്ടോടെ എന്‍ഐവി ലാബുകള്‍ സജ്ജീകരിക്കും. ട്രൂനെറ്റ് ടെസ്റ്റിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. അതിനായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് സംഘം മെഡിക്കല്‍ കോളജില്‍ എത്തും. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്നും തുടരും.
കേന്ദ്രസംഘം ചാത്തമംഗലത്തെ വീടും പരിസരവും സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയ റംബൂട്ടാന് മരത്തില്‍ നിന്ന് പഴങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇന്നത്തെ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് 27ന് കുട്ടി അയല്‍ വീടുകളിലെ കുട്ടികളുമൊത്തെ കളിച്ചതായി റൂട്ട് മാപ്പില്‍ പറയുന്നു. ഓഗസ്റ്റ് 28ന് വീട്ടില്‍ തന്നെ കഴിഞ്ഞ കുട്ടി, 29ന് രാവിലെ പനിയെ തുടര്‍ന്ന് 8.30നും 8.45നും ഇടയില്‍ ഇരഞ്ഞിമാവിലെ ഡോ. മൊഹമ്മദിന്റെ ക്ലിനിക്കില്‍ പോയിരുന്നു. ഓട്ടോയിലാണ് കുട്ടി ക്ലിനിക്കിലേക്ക് പോയതും മടങ്ങിയെത്തിയതും.
കടുത്ത പനിയെ തുടര്‍ന്ന് 30ന് വീട്ടില്‍ തന്നെ ആയിരുന്നു.
31ന് രാവിലെ മുക്കത്തെ ഇ എം എസ് ആശുപത്രിയിലും തുടര്‍ന്ന് ഓമശേരിയിലെ ശാന്തി ആശുപത്രിയിലും പോയി. അമ്മാവന്റെ ഓട്ടോയിലാണ് കുട്ടി ഇവിടെയെത്തിയത്. അവിടെ നിന്ന് ഉച്ചയോടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്നിനാണ് കുട്ടിയെ കോഴിക്കോട് മിംസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ റോഡുകള്‍ പൊലീസ് അടച്ചു. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്ന് മന്ത്രി പറഞ്ഞു.
ശനിയാഴ്ച രാത്രി തന്നെ ഉന്നതതല യോഗം ചേര്‍ന്ന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു. കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍, ജില്ലകളിലും ജാഗ്രത വേണം. ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Follow us on