സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്‌സിനില്ല

രാജി ഇ ആർ -

തിരുവനന്തപുരം>>>സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്‌സിനില്ല. കൊച്ചിയില്‍ ഇന്നത്തോടെ കോവീഷീല്‍ഡ് വാക്‌സിന്റെ സ്റ്റോക്ക് തീരും. ഇന്ന് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വാക്‌സിന്‍ സംസ്ഥാനത്ത് എത്തിയില്ലെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും.

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ നല്‍കാന്‍ വാക്‌സിനില്ല എന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധി. തിരുവനന്തപുരത്ത് വാക്‌സിനേഷന്‍ പൂര്‍ണമായും നിലച്ചു. അതിനാല്‍ ഇന്ന് വാക്‌സിനേഷന്‍ ഇല്ല എന്ന അറിയിപ്പും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കി.

കൊച്ചിയില്‍ ഇന്നത്തോടെ കോവീഷീല്‍ഡ് സ്റ്റോക്ക് പൂര്‍ണമായും തീരും. ഇന്ന് നല്‍കാനുള്ള 12000 ഡോസ് മാത്രമാണുള്ളത്. 5000 ഡോസ് കൊവാക്‌സിനും. കോഴിക്കോട് കോവീഷീല്‍ഡ് സ്റ്റോക്കില്ല. ആകെ ഉള്ളത് 8000 കൊവാക്‌സിന്റെ രണ്ടാമത്തെ ഡോസ് മാത്രം.

ഇന്ന് കൂടുതല്‍ വാക്സിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്സിനേഷന്‍ അനിശ്ചിതത്വത്തിലാകും. ഏറ്റവും ഒടുവിലായി സംസ്ഥാനം ആവശ്യപ്പെട്ട 90 ലക്ഷം ഡോസ് വാക്‌സിനില്‍ ഇതുവരെ ലഭിച്ചത് 15 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്.

കേരളം 10 ലക്ഷം വാക്സിന്‍ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചരണത്തിന്റെ പൊള്ളത്തരം കൂടിയാണ് ഇവിടെ പൊളിയുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത്.

ശനിയാഴ്ച മാത്രം നാലര ലക്ഷത്തിന് മുകളില്‍ വാക്സിന്‍ നല്‍കിയും റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ ഇനി വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കേന്ദ്രം കനിയണം.