രാജ്യത്ത് രണ്ട് വാക്‌സിന്‍ കൂടി ഉടന്‍; അടിയന്തര ഉപയോഗ അനുമതിക്ക് വിദഗ്ധ സമിതി ശുപാര്‍ശ

ദില്ലി>>കൊവിഡ് വാക്‌സിനുകളായ കൊവോവാക്‌സിനും കോര്‍ബെവാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇവയ്ക്ക് അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് കൊവോവാക്‌സിന്‍. ബയോളജിക്കല്‍ ഇ ആണ് കോര്‍ബെവാക്‌സിന്‍ നിര്‍മ്മാതാക്കള്‍. കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോള്‍നുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മരുന്നുകള്‍ക്ക് വേണ്ടിയുള്ള കൊവിഡ് വിദഗ്ധ സമിതി ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. മൂന്ന് ശുപാര്‍ശകളും ഡി സി ജി ഐ യുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.

അതേസമയം, കൗമാരക്കാരിലെ വാക്‌സിനേഷനും കരുതല്‍ ഡോസ് വിതരണവും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചീഫ് സെക്രട്ടറിമാരും മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.

രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 600നോട് അടുത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് മണിപ്പൂരില്‍ സ്ഥിരീകരിച്ചു. ഗോവയിലും ആദ്യത്തെ ഒമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പത്ത് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളില്‍ നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →