കൊവിഡ് വാക്സീന്‍ 11 ഡോസ് സ്വീകരിച്ചു’; അവകാശവാദവുമായി 84കാരന്‍

-

പട്ന>>കൊവിഡ് വാക്സീന്‍ 11 ഡോസ് സ്വീകരിച്ചെന്ന അവകാശവാദവുമായി 84കാരന്‍. ബിഹാര്‍ പുരൈനിയിലെ ഒറായി ഗ്രാമത്തിലെ ബ്രഹ്‌മദേവ് മണ്ഡല്‍ എന്നയാളാണ് അവകാശവാദവുമായി രംഗത്തെത്തിയത്. 12ാമത് ഡോസ് എടുക്കുന്നതിന് തൊട്ടുമുമ്പാണ് മാധേപുര ഉദൈകിഷുന്‍ഗഞ്ച് അധികൃതര്‍ ഇയാളെ കൈയോടെ പിടികൂടിയത്. സംഭവം വിശദമായി അന്വേഷിക്കുമെന്നും ഇത്രയും അധികം ഡോസുകള്‍ ഒരാള്‍ക്ക് എങ്ങനെ ലഭിച്ചുവെന്നത് അന്വേഷിക്കുമെന്നും മാധേപുര സിവില്‍ സര്‍ജന്‍ അറിയിച്ചു. വാക്സീന്‍ എടുക്കാന്‍ നിരവധി ലോട്ടുകള്‍ ലഭിച്ചെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി എടുത്തതെന്നും ഇയാള്‍ പറഞ്ഞു.

തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജീവനക്കാരനാണ് ഇയാള്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13നാണ് ഇയാള്‍ക്ക് ആദ്യ ഡോസ് ലഭിക്കുന്നത്. പിന്നീട് ഡിസംബര്‍ 30നുള്ളില്‍ 11 ഡോസ് സ്വീകരിച്ചു. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് മുഴുവന്‍ ഡോസും സ്വീകരിച്ചതെന്നും ഇയാള്‍ പറയുന്നു. വാക്സീന്‍ ഡോസുകള്‍ സ്വീകരിച്ച സമയവും സ്ഥലവും തീയതിയുമെല്ലാം ഇദ്ദേഹം കുറിച്ചുവെച്ചിട്ടുണ്ട്. ഫെബ്രുവരി 13, മാര്‍ച്ച് 13, മാര്‍ച്ച് 19, മെയ് 19, ജൂണ്‍ 16, ജൂലൈ 24, ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 11, സെപ്റ്റംബര്‍ 22, സെപ്റ്റംബര്‍ 24 എന്നീ തീയതികളിലാണ് വാക്സീന്‍ സ്വീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഇയാള്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →