LOADING

Type to search

വാക്‌സിന്‍ ഇടവേള കൂടുന്തോറും പ്രതിരോധ ശേഷിയേറുമെന്ന് പഠനം

Latest News Local News News

കൊച്ചി>>> രണ്ട് കോവിഡ് വാക്‌സിനേഷനുകള്‍ക്ക് ഇടയില്‍ 10 മുതല്‍ 14 ആഴ്ചകള്‍ക്കിടയിലെ ഇടവേളയുണ്ടാകുന്നത് കൂടുതല്‍ പ്രതിരോധശേഷി കൈവരുത്തുമെന്ന് പഠനം. ഇത്രയും ഇടവേളയില്‍ വാക്‌സിന്‍ എടുത്ത രോഗികളിലെ ആന്റിബോഡി അളവ് മൂന്നര മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി.

കൊച്ചി ആസ്ഥാനമായ കെയര്‍ ആശുപത്രിയിലെ റുമാറ്റോളജിസ്റ്റും ക്ലിനിക്കല്‍ ഇമ്മ്യൂണോളജിസ്റ്റുമായ ഡോ. പത്മനാഭ ഷേണായിയും സംഘവുമാണ് പഠനം നടത്തിയത്.

കോവിഷീല്‍ഡ് വാക്‌സിനെടുത്ത 1500 രോഗികളില്‍നിന്ന് തെരഞ്ഞെടുത്ത 213 പേരിലാണ് കുത്തിവെപ്പുകള്‍ക്കിടയിലെ ഇടവേള എങ്ങനെ സ്വാധീനിക്കുമെന്ന് കണക്കാക്കിയത്. ഈവര്‍ഷം മേയ് വരെ, രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള നാലു മുതല്‍ ആറ് ആഴ്ച വരെയാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്.

ഈ സമയത്ത് രണ്ട് ഡോസുകള്‍ സ്വീകരിച്ച 102 രോഗികളെയും നയമാറ്റത്തിനുശേഷം 10 മുതല്‍ 12 ആഴ്ച വരെ ഇടവേളയില്‍ വാക്‌സിനെടുത്ത 111 രോഗികളെയും പഠനവിധേയമാക്കി.

ആന്റി സ്‌പൈക്ക് ആന്റിബോഡി പരിശോധനയിലൂടെയാണ് രണ്ട് ഗ്രൂപ്പുകളിലും എത്രമാത്രം പ്രതിരോധശേഷി ഉണ്ടെന്ന് അളന്നത്. രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിന് ശേഷമായിരുന്നു പരിശോധന.

നാല് മുതല്‍ ആറാഴ്ച വരെ ഇടവേളയില്‍ വാക്‌സിന്‍ എടുത്ത രോഗികളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ 10 മുതല്‍ 14 ആഴ്ച വരെ ഇടവേളയില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് കണ്ടെത്തി. കുത്തിവെപ്പുകള്‍ക്ക് ഇടയിലെ ഇടവേള കൂടുന്തോറും ആന്റിബോഡി ലെവലുകള്‍ മികച്ചതായിരിക്കുമെന്ന് ഡോ. പത്മനാഭ ഷേണായി വിവരിച്ചു.

ഉയര്‍ന്ന ആന്റിബോഡി അളവ് രോഗങ്ങളില്‍നിന്ന് മികച്ച സംരക്ഷണം നല്‍കും. പ്രതിരോധശേഷി ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യും. ഒറ്റ ഡോസ് വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കില്ല. ഇക്കാരണത്താല്‍, രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുന്നതിലൂടെ, ഡോസുകള്‍ക്കിടയിലുള്ള കാലയളവില്‍ ആദ്യ ഡോസ് ലഭിച്ച ഒരു വ്യക്തിക്ക് കോവിഡ് വരാനുള്ള സാധ്യതയുണ്ടാകും. അതുകൊണ്ട് ആദ്യ ഡോസ് സ്വീകരിച്ച ശേഷം കിട്ടുന്ന പ്രതിരോധ ശേഷിയാണോ ദീര്‍ഘനാള്‍ നീളുന്ന പ്രതിരോധശേഷിയാണോ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.