സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യസേവനങ്ങള്‍ക്ക് മാത്രം അനുമതി

രാജി ഇ ആർ -


തിരുവനന്തപുരം>>> കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. രണ്ടര മാസത്തോളം ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. ഇന്ന് അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് കെ. എസ്. ആര്‍. ടി. സി. ബസുകള്‍ സര്‍വീസ് നടത്തില്ല.

അതിനിടെ കോവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ കൊണ്ടുവന്നു. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാം. ബുധനാഴ്ച മുതലാണ് മാളുകള്‍ക്ക് പ്രവര്‍ത്തനനുമതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്‍പത് മുതല്‍ 31വരെ വാക്സിനേഷന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്താമക്കിയത്. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യം.

സംസ്ഥാനത്തിന് ലഭിക്കുന്ന വാക്സിന് പുറമേ സ്വകാര്യ ആശുപത്രികളിലും വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ സംസ്ഥാന 20 ലക്ഷം ഡോസ് വാക്സിന്‍ വാങ്ങി അതേ നിരക്കില്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കും. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും വാങ്ങിയ വാക്സിനുകളില്‍ നിന്ന് ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഇതിനുവേണ്ട സൗകര്യം ഒരുക്കാവുന്നതാണ്.