ചെന്നൈ>>> ഭാര്ത്താവിനെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലി രാജിവെപ്പിച്ച കമ്പനിക്കെതിരെ നിയമ പോരാട്ടവുമായി ഭാര്യ. ചെന്നൈയിലെ (ഇവലിിമശ) സിനമിഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് 48കാരനായ രമേശ് സുബ്രമണ്യനെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. എന്നാല്‍ നോട്ടീസ് പിരീഡ് അനുവദിക്കാന്‍ കമ്പനി തയ്യാറായില്ല. രണ്ട് മാസത്തിനുള്ളില്‍ രമേശ് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഭര്‍ത്താവിനോട് നീതി കാണിക്കാത്ത കമ്പനിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ കാമേശ്വരിയാണ് നിയമ പോരാട്ടം ആരംഭിച്ചത്.
ചെന്നൈ സ്വദേശിയായ രമേശിന് അപ്രതീക്ഷിതമായാണ് കമ്പനി എച്ച് ആറില്‍ നിന്ന് ജോലി രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. എന്ത് ചെയ്യണമെന്നോ തുടര്‍ന്ന് എങ്ങനെ ജീവിക്കണമെന്നോ അറിയാതെ പകച്ച രമേശ് കമ്പനിയോട് നോട്ടീസ് പിരീഡ് കാലാവധിയായ രണ്ട് മാസം അനുവദിക്കാന്‍ അപേക്ഷിച്ചു. എന്നാല്‍ അതൊന്നും കൂട്ടാക്കാതെ കമ്പനി രമേശില്‍ നിന്ന് നിര്‍ബന്ധിത രാജി പിടിച്ചുവാങ്ങി. രാജി വച്ച് രമേശ് രണ്ട് മാസത്തിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചു. 18 ലക്ഷം രൂപയാണ് രമേശിന്റെ കൊവിഡ് ചികിത്സയ്ക്കായി ചെലവായത്. ഭര്‍ത്താവിന്റെ ജോലി പോകുകയും ചികിത്സയ്ക്കുള്ള പണം കണ്ടെത്തേണ്ടി വരികയും ചെയ്തതോടെ അധ്യാപികയായിരുന്ന ഭാര്യ കാമേശ്വരി സാമ്പത്തികമായി തകര്‍ന്നു. രണ്ട് മാസത്തെ നോട്ടീസ് പിരീഡ് അനുവദിച്ചിരുന്നെങ്കില്‍ ഭര്‍ത്താവിന് 1.5 കോടി രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുമായിരുന്നുവെന്നും കൂടുതല്‍ മികച്ച ചികിത്സ നല്‍കാമായിരുന്നുവെന്നും കാമേശ്വരി പറഞ്ഞു. കമ്പനിയുടെ ക്രൂരത തങ്ങളുടെ ജീവിതം നശിപ്പിച്ചുവെന്ന് ആരോപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാമേശ്വരി കമ്പനിക്ക് നോട്ടീസ് അയച്ചു.
ഏപ്രില്‍ എട്ടിനാണ് അന്നുവരെയുണ്ടായിരുന്ന ജീവിതം തല കീഴായി മറിഞ്ഞതെന്ന് കാമേശ്വരി പറയുന്നു. 30 ലക്ഷം വാര്‍ഷിക വരുമാനമുണ്ടായിരുന്ന രമേശിന്റെ ജോലി നഷ്ടമായത് കുടുംബത്തെ സാമ്പത്തികമായി ബാധിച്ചു. അപ്പോഴേക്കും രമേശിന് കൊവിഡ് ബാധിക്കുകയും ജൂണില്‍ രമേശ് മരിക്കുകയും ചെയ്തു. കമ്പനിക്ക് പണം മാത്രമാണ് വേണ്ടത്. ഒരു ജീവനക്കാരനെ നോട്ടീസ് പിരീഡ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ ആ കമ്പനിക്ക് എന്ത് സംഭവിക്കുമായിരുന്നു. പകരം ഞങ്ങളുടെ കുടുംബം ഈ വിധം നഷ്ടമായി.
രണ്ട് ലക്ഷം രൂപയാണ് കമ്പനി രമേശിന്റെ കുടുംബത്തിന് നല്കാന് തയ്യാറായത്. എന്നാല്‍ ഇത് സ്വീകരിക്കാന്‍ കുടുംബം തയ്യാറായിട്ടില്ല. എങ്ങനെയാണ് ഞാന്‍ വീട്ടുചെലവുകള്നടത്തുക, ഇഎംഐ അടയ്ക്കുക. കമ്പനിയുടെ നിയമത്തില്‍ പറയുന്ന നോട്ടീസ് പിരീഡ് മാത്രമാണ് ആവശ്യപ്പെട്ടത്. അവകാശപ്പെട്ട ആ രണ്ട് മാസം അനുവദിച്ചിരുന്നെങ്കില്‍ കമ്പനിക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്നും കാമേശ്വരി ചോദിച്ചു.
എന്നാല്‍ മികച്ച മറ്റൊരു ജോലിക്ക് വേണ്ടിയാണ് രമേശ് രാജിവെച്ചതെന്നും ഇത് കുടുംബത്തെ രമേശ് അറിയിച്ചിരുന്നില്ലെന്നും നാല് മാസത്തെ ശമ്പളം അദ്ദേഹത്തിന് തങ്ങള്‍ നല്‍കിയിരുന്നുവെന്നുമാണ് സിനമീഡിയയുടെ വിശദീകരണം. കമ്പനിയുടെ ഈ വിശദീകരണം രമേശിന്റെ കുടുംബം തള്ളി. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെട്ടുവെന്നും പ്രശ്നം നല്ല രീതിയില്‍ പറഞ്ഞുതീര്‍ക്കാനാണ് മന്ത്രാലയം കമ്പനിയോട് നേരിട്ട് ആവശ്യപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.
Follow us on