കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചര്‍ച്ച

ന്യൂസ് ഡെസ്ക്ക് -

ന്യൂഡല്‍ഹി:കൊവിഡ് വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ഉള്ള തീരുമാനം യോഗത്തില്‍ സ്വീകരിക്കും.

കേരളം കൂടാതെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം. ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ ഉള്ള ജില്ലകള്‍ ജാഗ്രതയിലാണ്. കേസുകള്‍ കൂടുതലുള്ള മേഖലകള്‍ മൈക്രോ കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയും പരിശോധനകള്‍ കര്‍ശനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കേരളത്തെ കൂടാതെ രോഗവ്യാപനം രൂക്ഷമായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാഹചര്യം രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി വിലയിരുത്തിയതാണ്. വാക്സിനേഷന്‍ വേഗത്തിലാക്കിയാല്‍ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ തീവ്രമാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാല്‍ ഡല്‍ഹിയില്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യമല്ലെന്ന് പരാതി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →