കൊവിഡ് വ്യാപനം: സ്‌കൂളുകള്‍ ഉടന്‍ അടക്കില്ല, രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല

തിരുവനന്തപുരം>> സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ അടയ്‌ക്കേണ്ടതില്ലെന്ന് തീരുമാനം. രാത്രികാല കര്‍ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം, പൊതുപരിപാടികളില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കും. ഓഫീസുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും നിര്‍ദേശമുണ്ട്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആക്കും. നേരത്തെ 75 പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതി. അടുത്ത അവലോകന യോഗം സ്ഥിതി വീണ്ടും ചര്‍ച്ച ചെയ്യും.

കേരളത്തില്‍ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോഗികള്‍ ഇപ്പോള്‍ 6000നും മുകളിലാണ്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധനവുണ്ട്. കൊവിഡ് കൂടുതല്‍ പടരുന്നതിന്റെ സൂചനയാണിത്. ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആര്‍ നോട്ട് കൂടുതലായ ഓമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വേണമോ എന്ന പുനരാലോചന ഉണ്ടായത്.

കല്യാണം – മരണം ചടങ്ങുകളില്‍ 50 പേര്‍ മാത്രമേ അനുവദിക്കൂ

നിലവിലെ ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദര്‍ഭങ്ങളിലൊഴികെ ഓണ്‍ലൈനായി നടത്തണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പരിപാടികള്‍ നേരിട്ട് നടത്തുമ്പോള്‍ ശാരീരിക അകലമടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കണം. പൊതുയോഗങ്ങള്‍ ഒഴിവാക്കണം.

15 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ഈ ആഴ്ച്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി വാക്‌സിനേഷന്‍ നല്‍കുന്ന കാര്യം പരിശോധിക്കും. കുടുംബശ്രീ തെരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താവുന്നതാണ്. ടെലിമെഡിസിന്‍ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →