കൊവിഡ് മൂന്നാം തരംഗത്തിലേക്ക് രാജ്യം, തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി കോണ്‍ഗ്രസ്

ദില്ലി>>കൊവിഡ് മൂന്നാം തരംഗത്തിലേക്ക് രാജ്യം കടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഒമിക്രോണ്‍ വ്യാപനത്തില്‍ ഇതാദ്യമായാണ് ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കുന്നത്. തീരുമാനത്തിന്റെ ഭാഗമായി ഇപ്പോള്‍ യുപിയില്‍ നടക്കുന്ന വനിതാ കൂട്ടായ്മകളും പാര്‍ട്ടി റദ്ദാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചാവും പ്രചാരണത്തിലെ തുടര്‍ നടപടികള്‍ തീരുമാനിക്കുക. യോഗി ആദിത്യനാഥ് ഇന്ന് യുപിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലാണെന്ന് നേരത്തെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഉപദേശക സമിതി തന്നെ വ്യക്തമാക്കിയിരുന്നു. ഈ മാസം തന്നെ മൂന്നാം തരംഗം ഉയര്‍ന്ന നിരക്കിലെത്തിയേക്കുമെന്ന് ചെയര്‍മാന്‍ ഡോ.എന്‍ കെ അറോറ പറഞ്ഞു. വ്യാപനം ശക്തിപ്പെടുന്നതോടെ മെട്രോ നഗരങ്ങളിലെ ആശുപത്രികളെല്ലാം നിറയാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഡോ. അറോറ നല്‍കുന്നു.

രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കര്‍ഫ്യൂവിലേക്ക് നീങ്ങുകയാണ്.ദില്ലിക്ക് പുറമെ ഉത്തര്‍പ്രദേശും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനെട്ടായിരം പിന്നിട്ട മഹാരാഷ്ട്രയും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. പഞ്ചാബിന് പിന്നാലെ ബിഹാറും രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →