രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് വന്നുവെന്ന് മുഖ്യമന്ത്രി

രാജി ഇ ആർ -

തിരുവനന്തപുരം>>> രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് മുന്നറിയിപ്പ് വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്യുമ്‌ബോള്‍ കോവിഡിന് വ്യാപന സാധ്യത കൂടുതലാണ്. ആഗോള യാത്രകള്‍ വര്‍ധിച്ചതുകൊണ്ട് പകര്‍ച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രിക്കാന്‍ രാജ്യത്തിനോ ഭൂഖണ്ഡത്തിനോ സാധിക്കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിദേശത്ത് രണ്ടാം തരംഗം അവസാനിച്ച ശേഷമാണ് ഇന്ത്യയില്‍ രണ്ടാം തരംഗം തുടങ്ങിയത്. സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കാന്‍ 60 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കണം. ഇതിനകം ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ നാലുതരം വൈറസ് വകഭേദം കണ്ടെത്തി. ഡെല്‍റ്റ വ്യാപനനിരക്ക് കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാന്‍ ഭാഗികമായി ശേഷി ആര്‍ജ്ജിച്ചതുമാണ്. ഇന്ത്യയില്‍ ഇതാണ് ഇപ്പോള്‍ കൂടുതല്‍.

കോവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച് സാമൂഹ്യ പ്രതിരോധ ശേഷി കൈവരിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ല. ഇത് സ്വാഭാവികമായി ഉണ്ടാവുന്നതല്ല. നിയന്ത്രണത്തിലെ പാളിച്ചയും വാക്‌സീന്‍ വിതരണത്തിലെ വീഴ്ചയും മൂലമാണ് ഉണ്ടാവുന്നത്. ഈ ഘട്ടത്തില്‍ അതിവേഗം വാക്‌സീനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡെല്‍റ്റ വൈറസ് സാധ്യതയുള്ളത് കൊണ്ട് ചെറുതും വലുതുമായ ആള്‍ക്കൂട്ടം ഒഴിവാക്കണം. മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. കേവലം നാല് ശതമാനം കുട്ടികളെയാണ് ഇതുവരെ രോഗം ബാധിച്ചത്.

മരണനിരക്കും വളരെ കുറവാണ്. എങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫര്‍മേറ്ററി സിന്‍ഡ്രോം കുട്ടികളില്‍ കാണുന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്ക് തീവ്ര പരിചരണം ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.