കൊല്ലം>>> ചികിത്സ ലഭിക്കാതെ ആശുപത്രി വളപ്പിലെ ആംബുലന്‍സില്‍ അരമണിക്കൂറോളം കിടന്ന കോവിഡ് ബാധിതന് ദാരുണ മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചത്. പാരിപ്പള്ളി പള്ളിവിള ജവഹര്‍ ജങ്ഷന് അശ്വതിയില്‍ ബാബു(68)വാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. കോവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ബാബു ആരോഗ്യ പ്രവര്‍ത്തകരെ കാത്ത് അരമണിക്കൂറോളം ആശുപത്രിക്കുമുന്നില്‍ ആംബുലന്‍സില്‍ കിടന്നു. എന്നാല്‍ ആരും തന്നെ രോഗിയെ നോക്കാന്‍ എത്തിയില്ല.
കുറച്ചുദിവസംമുന്‍പ് ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും കോവിഡ് ബാധിച്ചത്. വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ശനിയാഴ്ച രാത്രി ബാബുവിന് രോഗം കലശലാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും ആരോഗ്യപ്രവര്‍ത്തകരെയും ബന്ധപ്പെട്ടപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ നിര്ദ്ദേശംലഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി വിവരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിനുമുന്നില്‍ എത്തിച്ചെങ്കിലും ഓക്സിജന്റെ അളവ് 60 ശതമാനത്തിലേക്കു താഴ്ന്ന രോഗിയെ ആശുപത്രിയിലേക്കുമാറ്റാന്‍ ആരുമെത്തിയില്ല. സ്ഥലത്തുണ്ടായിരുന്നവര്‍ ബഹളംെവച്ചെങ്കിലും 15 മിനിറ്റ് കഴിഞ്ഞാണ് സുരക്ഷാവസ്ത്രം ധരിച്ച് ജീവനക്കാരന് വന്നത്. അപ്പോഴേക്കും ബാബു മരിച്ചിരുന്നു. തടിച്ചുകൂടിയവര്‍ ആശുപത്രി ജീവനക്കാരുമായി തര്‍ക്കമായി. പാരിപ്പള്ളി പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പരവൂര്‍ പൊലീസ് സ്വമേധയാ കേസെടുത്തു
ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി. മകള്‍ ഷൈനിയോടൊപ്പം പരവൂര്‍ നഗരസഭ നാലാം വാര്‍ഡിലാണ് ബാബു താമസിച്ചിരുന്നത്. പരേതയായ രാധാമണിയാണ് ഭാര്യ.
Follow us on