
കൊച്ചി>>കോവിഡ് പരിശോധനാനിരക്കുകള്കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ലാബുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിഇന്ന് വീണ്ടും പരിഗണിക്കും. ആര് ടി പി സി ആര് നിരക്ക് 300 രൂപയായും ആന്റിജന്‍ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേള്‍ക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നാണ് ഹര്‍ജിക്കാരുടെ വാദം
കൊവിഡ് പരിശോധന നിരക്കുകള്‍ കുറച്ചത് ചോദ്യം ചെയ്തു ലാബ് ഉടമകള്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം വിശദമായ എതിര് സത്യവാങ്മൂലം നല്കാന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏകപക്ഷീയമായി നിരക്കുകള്‍ കുറച്ച സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ലാബ് ഉടമകള്‍ കോടതിയില്‍ വാദിച്ചു.
പുതുക്കിയ നിരക്കനുസരിച്ച് പരിശോധനകള്‍ നടത്തുന്നത് പ്രായോഗികമല്ല എന്നാണ് ലാബ് ഉടമകളുടെ വാദം. ആര് ടി പി സി ആറിന് 300 രൂപയും ആന്റിജന്‍ 100 രൂപയുമാണ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച നിരക്ക്. പരിശോധന നടത്തുന്ന ലാബ് ഉടമകളുടെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ലാബ് ഉടമകളുടെ ഹര്‍ജിയില്‍ പറയുന്നു.
നിരക്ക് കുറക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനായി നേരത്തെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്. വിവിധ പരിശോധനകള്‍ക്ക് ലാബുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നും അഡ്വക്കറ്റ് ജനറല്‍ വാദിച്ചിരുന്നു. നിരക്ക് വര്‍ധന സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന മറ്റ് കേസുകളുടെ ഒപ്പമാണ് ലാബ് ഉടമകളുടെ ഹര്‍ജിയും കോടതി പരിഗണിക്കുക.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ലാബ് ഉടമകളുടെ സംഘടന ആവശ്യപ്പെടുന്നത്. പുതിയ നിരക്കുകള്‍ അംഗീരിക്കാന്‍ ആവില്ലെന്നാണ് നിലപാട്. ലാബ് ഉടമകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും ആ സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ നല്‍കാനാവില്ലെന്നാണ് നിലപാട്. കുറച്ച നിരക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് സമര മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിനാണ് സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനക്രമീകരിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വരുന്നത്. സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച്. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതല്‍ 300 രൂപ മാത്രമേ ഈടാക്കാവൂ. ആന്റിജന്‍ ടെസ്റ്റിന് 100 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഈ നിരക്കിനെതിരെയാണ് ലാബ് ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആര്‍ടിപിസിആര്‍ 500 രൂപ, ആന്റിജന്‍ 300 രൂപ, എക്സ്പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്പ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്പത്തെ നിരക്ക്. ഞങ്ങളെ തോക്കിന് മുനയില്‍ നിര്‍ത്തി പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണ് പുതിയ കുറച്ച നിരക്കെന്നാണ് ലാബ് ഉടമകളുടെ നിലപാട്. ലാബ് ഉടമകളോട് കൂടി കൂടിയാലോചന നടത്തി പുതിയ നിരക്ക് നിശ്ചയിക്കണമെന്നാണ് ആവശ്യം. ആര്‍ടിപിസിആര്‍ നിരക്ക് 900 രൂപയും, ആന്റിജന്‍ പരിശോധനയ്ക്ക് 250 രൂപയും എങ്കിലുമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് ലബോറട്ടറി ഓണേഴ്സ് അസോസിയേഷന് ആവശ്യപ്പെടുന്നത്.