തിരുവനന്തപുരം>> കൊവിഡില്‍ ആശങ്ക കൂട്ടി സംസ്ഥാനത്ത് ഗുരുതര രോഗികളുടെ എണ്ണം ഉയര്‍ന്നു. ഗുരുതര രോഗികളുടെ എണ്ണം 50 ശതമാനം കൂടിയാല്‍ ചികിത്സാ സൗകര്യങ്ങള്‍ കൂട്ടണമെന്നാണ് ആദ്യഘട്ട മുന്നറിയിപ്പെന്നിരിക്കെ ഇന്നലെയോടെ കേരളം ഈ ഘട്ടത്തിലെത്തി. അതേസമയം, ജനിതക പരിശോധനാഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ നിലവിലെ വ്യാപനം ഡെല്‍റ്റയാണോ ഒമിക്രാണാണോ എന്ന് സര്‍ക്കാരിന് ഇനിയും വ്യക്തമാക്കാനായിട്ടില്ല.
കേസുകള്‍ കൂടുമ്പോഴും ഒമിക്രോണ്‍ ജനിതക പരിശോധനാ ഫലങ്ങള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ഇന്നലെ 22,946 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ടിപിആര്‍. 33.07 ശതമാനമാണ് ഇന്നലെ പോസിറ്റിവിറ്റി നിരക്ക്.
നവംബര്‍ 1ലെ കണക്കില്‍ നിന്നും ആശുപത്രി അഡ്മിഷന് ഇരട്ടിച്ച്, ഐസിയു കേസുകളില്‍ 50 ശതമാനം കൂടിയാല്‍ കൂടുതല്‍ സംവിധാനമൊരുക്കാനുള്ള ആദ്യഘട്ടമെന്നാണ് കേരളം തയാറാക്കിയ മുന്നറിയിപ്പ്. ഈ ഘട്ടത്തില്‍ ഐസിയുവും വെന്റിലേറ്ററും 20 ശതമാനം കൂട്ടണം. കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുറക്കണം. ക്ലസ്റ്ററുകളില്‍ ജനിതക പരിശോധനയും, മരുന്നുകളുടെയും ഓക്സിജന്റെയും സംഭരണവും നടത്തണം എന്നായിരുന്നു മുന്നറിയിപ്പ്. ഇന്നലത്തെ കണക്കില്‍ ആശുപത്രി അഡ്മിഷന് നവംബര്‍ 1ലെ 169ല്‍ നിന്നും 711 ആയി. നവംബര്‍ 1ന് 18904 പേര് ചികിത്സയിലുണ്ടായിരുന്നിടത്ത് ഇന്നലെ 6 മടങ്ങ് കൂടി 1,21,458 ആയി. ഐസിയു കേസുകള്‍ 45 ശതമാനം കൂടി. 449ല്‍ നിന്നും 655ലേക്കെത്തി. ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള അലര്‍ട്ടിന്റെ ആദ്യഘട്ടം.
അതേസമയം, ഇപ്പോഴത്തെ വ്യാപന കാരണം ഡെല്‍റ്റാ വകഭേദമാണോ ഒമിക്രോണ്‍ തന്നെയാണോ എന്നതില്‍ സര്‍ക്കാരിപ്പോഴും വ്യക്തമായ ഉത്തരം നല്‍കുന്നില്ല. തിരുവനന്തപുരത്ത് അവസാനം ലഭിച്ച ഫലമനുസരിച്ച്, വിദേശത്ത് നിന്നല്ലാത്തവരുടേതെല്ലാം ഡെല്‍റ്റാ വകഭേദമായിരുന്നു. എന്നാല്‍ കോഴിക്കോടാകട്ടെ വിദേശയാത്രാ പശ്ചാത്തലമില്ലാത്തവരുടെ ഫലം പോലും ഒമിക്രോണ്‍ പോസിറ്റീവ്.
ജനിതക പരിശോധനാഫലങ്ങളില്‍ വലിയ കാലതമാസമാണ് ഉണ്ടാവുന്നത്. 2000 പരിശോധന പ്രതിദിനം നടത്താന്‍ ശേഷിയുള്ള രാജീവ് ഗാന്ധി സെന്റര്‍, പരിശോധനാ സാമഗ്രികളില്ലാത്തതിനാല്‍ പ്രതിദിനം 20 ഫലം നല്‍കാനേ കഴിയൂവെന്നാണ് തിരുവനന്തപുരത്തെ അധികൃതരെ അറിയിച്ചിരിക്കുന്നത്.
വിദേശത്ത് നിന്നെത്തേണ്ട സാമഗ്രികള്‍ ക്രിസ്മസ്, ന്യൂഇയര്‍ അവധികള്‍ കാരണം എത്തിയില്ലെന്നാണ് വിശദീകരണം. ദിവസേന എല്ലാ ജില്ലകളിലും നൂറുകണക്കിന് സാംപിളുകളെടുക്കുന്ന സംസ്ഥാനത്ത് അവസാനമായി ഒമിക്രോണ്‍ ഫലം വന്നത് 3 ദിവസം മുന്‍പാണ്. എല്ലാ ദിവസവും ഫലം ലഭിക്കാറുമില്ല.
Follow us on