മൂന്നാം തരംഗത്തില്‍ ഭൂരിപക്ഷം പേര്‍ക്കും കൊവിഡ് ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

-

ദില്ലി>> മൂന്നാം തരംഗത്തില്‍ രാജ്യത്തെ ഭൂരിപക്ഷം പേര്‍ക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ വിദഗ്ധന്‍. ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവര്‍ക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ.ജയ്പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളില്‍ 16 ശതമാനം വര്‍ധനയുണ്ടായി. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.

ഒമിക്രോണ്‍ പടരുന്നത് വഴിയുള്ള പുതിയ തരംഗത്തില്‍ മിക്കവാറും പേര്‍ക്ക് കൊവിഡ് ബാധിക്കുമെന്നാണ് ഐ സി എം ആറിലെ പകര്‍ച്ച വ്യാധി വിഭാഗം വിദഗ്ധനായ ഡോ. ജയ്പ്രകാശ് അഭിപ്രായപ്പെട്ടത്. എന്നാല്‍ രോഗം ബാധിച്ച വിവരം പലരും അറിയുക പോലുമില്ല. 80 ശതമാനം പേരിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാതെ കൊവിഡ് കടന്നു പോകുമെന്നും ഡോ ജയ്പ്രകാശ് പറഞ്ഞു.

രാജ്യത്ത് 1,94,720 പേര്‍ക്കാണ് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാള്‍ ഇരുപത്തി ആറായിരം പേര്‍ക്ക് കൂടി അധികമായി രോഗം സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടന്നു. 120 ജില്ലകളില്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലെത്തി. പശ്ചിമ ബംഗാളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനമാണ്. ദില്ലിയില്‍ മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് കൂടി. അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു.

മൂന്ന് ദിവസം മുന്‍പ് നാല്‍പത്തി നാലായിരം കടന്ന പ്രതിദിന രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറഞ്ഞ് ഇന്നലെ മുപ്പത്തിനാലായിരത്തിലേക്ക് എത്തി. കൊവിഡ് കണക്ക് ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഏറ്റവും കുറഞ്ഞത് 48 മണിക്കൂറിലേക്ക് വേണ്ട ഓക്‌സിജന്‍ എങ്കിലും കരുതണമെന്നാണ് നിര്‍ദേശം. സംസ്ഥാനതലത്തില്‍ ഓക്‌സിജന്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്വഷണങ്ങളോടെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഇരുവരും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →