രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്

ദില്ലി>>രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. പ്രതിദിന കൊവിഡ് കേസുകള്‍ 1,66,000 ആയി കുറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളില്‍ തുടരുന്നു. ദില്ലിയില്‍ പരിശോധിക്കുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതായാണ് കണക്ക്. കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതല്‍ അടച്ചിടും.

100 പേര്‍ക്ക് ഡെല്‍റ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളില്‍ 300 പേരിലേക്ക് ഒമിക്രോണ്‍ പടരുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ കൊവിഡ് ബാധിതരില്‍ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത്. ഈ കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. കരുതല്‍ ഡോസ് ഇതുവരെ പതിനൊന്ന് ലക്ഷം പേര്‍ക്ക് നല്‍കി. കരുതല്‍ ഡോസ് വിതരണത്തിന്റെ ആദ്യ ദിവസം ഒന്‍പത് ലക്ഷത്തില്‍ അധികം പേരാണ് മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം, ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →